നികുതി അടച്ചില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്.

ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. 

ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിൻറ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാല്‍ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി  ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയര്‍പോര്‍ട്ടിലായതിനാല്‍ ഇതുവരെ ബസ് കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ വിശദീകരണം.

Content Highlights: Motor vehicle department ceased indigo airlines buses in karipur airport