അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സിസ്റ്റം നിർബന്ധമാക്കാൻ കേന്ദ്രം; 2030 ഒക്ടോബർ 1 മുതൽ നടപ്പിലാക്കും

വാഹനങ്ങളിൽ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. അപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ അടിയന്തരമായി ബ്രേക്ക് ഉപയോഗിക്കാൻ ഡ്രൈവർക്ക് കഴിയാതെവന്നാൽ വാഹനത്തിന്റെ ബ്രേക്ക് സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണിത്. M1 കാറ്റഗറിയിൽ പെടുന്നവയ്ക്കാണ് (ഡ്രൈവർക്ക് പുറമെ എട്ട് സീറ്റുകൾ വരെയുള്ള എസ്.യുവികൾ അടക്കമുള്ള പാസഞ്ചർ വാഹനങ്ങൾ) ഇത് ബാധകമാകുന്നത്.
2032 ഒക്ടോബർ 1 മുതൽ എഇബിഎസ് നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) നീക്കം. ഈ തീയതി മുതൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ഈ നിബന്ധന ബാധകമാകും. തുടർന്ന് രണ്ട് വർഷത്തിനകം എം1 വിഭാഗത്തിൽപ്പെടുന്ന മറ്റ് വാഹനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR), 1989-ൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച കരട് ചട്ടങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ 30 ദിവസത്തെ സമയം നൽകും.
നീക്കത്തിന് പിന്നിലെന്ത്?
2030-ഓടെ റോഡ് അപകടങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ. ഇതേക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പലതവണ പറഞ്ഞിട്ടുള്ളതാണ്.
പ്രവർത്തനം എങ്ങനെ
നിരീക്ഷണം, അലർട്ടുകൾ, ഭാഗിക ബ്രേക്കിങ് തുടങ്ങിയ ഘട്ടംഘട്ടമായ പ്രക്രിയയിലൂടെയാണ് AEBS പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ മുൻവശത്ത് ഘടിപ്പിച്ചിച്ച റഡാറും വിൻഡ്ഷീൽഡ് ക്യാമറകളും അടക്കമുള്ളവ വാഹനം സഞ്ചരിക്കുന്ന പാതയിലുള്ള മറ്റുവാഹനങ്ങൾ അടക്കമുള്ളവയുടെ അകലവും അവയുടെ വേഗവും കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെങ്കിൽ അതിനെടുക്കുന്ന സമയവും അടക്കമുള്ളവ നിരീക്ഷിച്ച് കണ്ടെത്തുന്നു. ഒരു കൂട്ടിയിടിക്കുള്ള സാധ്യത സിസ്റ്റം കണ്ടെത്തുകയാണെങ്കിൽ, ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ശബ്ദം അല്ലെങ്കിൽ വൈബ്രേഷൻ മുന്നറിയിപ്പുകളും ഡാഷ്ബോർഡിൽ വിഷ്വൽ അലർട്ടുകളും നൽകുന്നു.
മുന്നറിയിപ്പ് നൽകിയിട്ടും ഡ്രൈവർ പ്രതികരിച്ചില്ലെങ്കിൽ വേഗത്തിലുള്ള പ്രതികരണത്തിനായി സിസ്റ്റം തയ്യാറെടുപ്പ് നടത്തും. പിന്നിലുള്ള വാഹനങ്ങൾക്ക് വേഗം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് നൽകുന്നതിനായി ചെറിയതോതിൽ ബ്രേക്ക് പ്രയോഗിക്കുകയും ചെയ്യും. കൂട്ടിയിടി ഉറപ്പായാൽ അപകടം ഒഴിവാക്കാനോ അല്ലെങ്കിൽ അതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാനോ വേണ്ടി സിസ്റ്റം പരമാവധി ഓട്ടോണമസ് ബ്രേക്കിംഗ് ഫോഴ്സ് പ്രയോഗിക്കുന്നു. ഈ സംവിധാനമാണ് വാഹനങ്ങളിൽ നിർബന്ധമാക്കാനൊരുങ്ങുന്നത്.
Content Highlights: MoRTH proposes mandatory AEBS for M1 category passenger vehicles by October 1, 2032., New truck and bus models require AEBS and other ADAS tech starting January 2027., Draft notification covers steering, lane-keeping, and driver-alert systems., Public consultation for the draft rules is open for 30 days.