'മൈ കാർ നമ്പർ ഈസ് 2255'; പുതിയ കാറിന് ലക്ഷങ്ങൾ മുടക്കി വീണ്ടും ഇഷ്ടനമ്പർ സ്വന്തമാക്കി മോഹൻലാൽ

കാക്കനാട്: 'മൈ ഫോൺ നമ്പർ ഈസ് 2255'മലയാളികൾ മറക്കാത്ത സൂപ്പർഡയലോഗ്. മോഹൻലാലിന് താരപരിവേഷം നൽകിയ രാജാവിന്റെ മകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഡയലോഗിനെ അനുസ്മരിപ്പിച്ച് പുതിയ വാഹനത്തിന് അതേ 2255 നമ്പർ സ്വന്തമാക്കി സൂപ്പർസ്റ്റാർ. തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255, 1.80 ലക്ഷം രൂപയ്ക്കാണ് മോഹൻലാൽ സ്വന്തമാക്കിയത്.
തന്റെ 33 ലക്ഷം രൂപ വിലയുള്ള ഇന്നോവ ഹൈക്രോസ് കാറിനുവേണ്ടിയാണ് താരം നമ്പർ സ്വന്തമാക്കിയത്. എറണാകുളം ജോയിന്റ് ആർടിഒ സി.ഡി. അരുണിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ലേലത്തിൽ മോഹൻലാൽ ഉൾപ്പെടെ മൂന്നുപേരായിരുന്നു ഡിജെ 2255 നമ്പറിനായി രംഗത്തുണ്ടായിരുന്നത്.
പതിനായിരം രൂപയിൽ തുടങ്ങിയ ലേലം 1.45 ലക്ഷത്തിൽ എത്തിയതോടെ ലാലിന്റെ പ്രതിനിധി 1.80 ലക്ഷം വിളിക്കുകയായിരുന്നു. തുടർന്ന് എതിരാളികൾ പിൻമാറുകയായിരുന്നു. 5000 രൂപ ഫീസടച്ചാണ് താരം നമ്പർ ബുക്ക് ചെയ്തത്. ഇതേ നമ്പറിനു രണ്ടുപേർ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മോഹൻലാൽ മുമ്പും തന്റെ വാഹനങ്ങൾക്കായി 2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. KL 07 CZ 2255 ആണ് അദ്ദേഹത്തിന്റെ കാരവാനിന്റെ നമ്പർ. അതേസമയം, അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലെ ആഡംബര എംപിവി മോഡലായ വെൽഫയറിന് 2020 എന്ന നമ്പറും, അത്യാഡംബര എസ്‌യുവി മോഡലായ റേഞ്ച് റോവറിന് KL 07 DB 0001 എന്ന നമ്പറാണ് മോഹൻലാൽ തിരഞ്ഞെടുത്തത്.
മോഹൻലാലിന്റെ അടുത്ത സുഹൃത്തും സിനിമ നിർമാതാവുമായ ആന്റണി പെരുമ്പാവൂരും അടുത്തിടെ 2255 എന്ന നമ്പർ സ്വന്തമാക്കിയിരുന്നു. 3,20,000 രൂപയ്ക്കാണ് അദ്ദേഹം KL 07 DH 2255 എന്ന നമ്പർ ലേലത്തിൽ പിടിച്ചത്. ആന്റണിയുടെ ആഡംബര എസ്‌യുവി മോഡലായ വോർവോ XC60-ക്ക് വേണ്ടിയാണ് ഈ നമ്പർ തിരഞ്ഞെടുത്തത്.
Content Highlights: Superstar Mohanlal secures his lucky `2255` number for his new Innova Hycross in an e-auction, continuing his penchant for this iconic digits.