ഇപ്പോള്‍ ശരിക്കും വൈറലായി; റീല്‍സ് എടുക്കാന്‍ ബെന്‍സുമായി കടലില്‍, ഒടുവില്‍ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍

റീല്‍സ് ചിത്രീകരണത്തിനിടെ കടലില്‍ താഴ്ന്ന ബെൻസ് | Photo: NDTV
റീല്‍സ് ചിത്രീകരണത്തിനിടെ കടലില്‍ താഴ്ന്ന ബെൻസ് | Photo: NDTV

സോഷ്യല്‍ മീഡിയയില്‍ വൈറാലാകാന്‍ വാഹനം ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ നിത്യസംഭവമാണ്. ഇത്തരം അഭ്യാസങ്ങളില്‍ ചിലത് വലിയ അപകടങ്ങളില്‍ കലാശിക്കാറുമുണ്ട്. ഇത്തരത്തില്‍ റീല്‍ ചിത്രീകരിക്കുന്നതിനായി കടലില്‍ ഇറക്കുകയും മണലില്‍ താഴ്ന്ന് പോകുകകയും ചെയ്ത ഒരു ആഡംബര വാഹനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മെഴ്‌സിഡീസിന്റെ ആഡംബര സെഡാനാണ് മണലില്‍ താഴ്ന്ന പോകുകയും കടല്‍വെള്ളം കയറുകയും ചെയ്തിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ദുമസ് ബീച്ചിലാണ് വാഹനവുമായി റീല്‍ ചിത്രീകരണത്തിന് ഇറങ്ങിയത്. വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മേഖലയിലാണ് ചിത്രീകരണത്തിനെത്തിയവര്‍ വാഹനം ഇറക്കിയത്. കടലിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് മണലില്‍ താഴ്ന്ന് പോയ മെഴ്‌സിഡീസ് ബെന്‍സ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുകയും ചെയ്തതായാണ് വിവരം.

ദുമസ് ബീച്ചില്‍ വാഹനങ്ങള്‍ ഇറക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ ഇവിടെ പതിവ് സംഭവമാണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. മഴയ്ക്ക് ശേഷവും വേലിയേറ്റ സമയങ്ങളിലുമാണ് വാഹനങ്ങള്‍ കൂടുതലായും ഈ മേഖലയില്‍ കുടുങ്ങുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇത് തന്നെയാണ് ഈ മെഴ്‌സിഡീസ് കാറിനും സംഭവിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനായി അതിവേഗത്തില്‍ കാര്‍ തിരകളിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു.

മണലില്‍ താഴ്ന്ന കാറിനുള്ളിലേക്ക് വെള്ളം കയറുന്നതിന് മുമ്പ് ഇത് പുറത്തെടുക്കാന്‍ പല വഴികളും പയറ്റിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് ബെന്‍സുമായി എത്തിയവര്‍ ക്രെയിന്‍ ഉപയോഗിച്ച് വാഹനം കരയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് വാഹനവുമായി എത്തിയവര്‍ക്കെതിരേ ഉയരുന്നത്. കാര്‍ ഓടിച്ചിരുന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും വാഹനത്തിനെതിരേയും നടപടി സ്വീകരിക്കുമെന്നും സൂറത്ത് പോലീസ് അറിയിച്ചു.

Content Highlights: A luxury Mercedes-Benz got stuck in the sand at Dumas Beach, Gujarat, while filming a social media reel. The car was eventually rescued by a crane after a breach of entry restrictions. Officials have taken action.