പിന്നിലേക്ക് നീങ്ങി മാളിൽ ഡിസ്‌പ്ലെ ചെയ്ത ബെൻസ്; ദുരന്തം ഒഴിവായത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ | Video

ഷോപ്പിങ്ങ് മാളുകളിലും വിമാനത്താളവങ്ങളിലുമെല്ലാം കാറുകൾ ഡിസ്‌പ്ലേയ്ക്ക് വയ്ക്കുന്നത് വാഹന നിർമാതാക്കളുടെ മാർക്കറ്റിങ് രീതിയാണ്. നിരവധി ആളുകളിലേക്ക് ഈ വാഹനം സംബന്ധിച്ച വിവരങ്ങൾ എത്തുമെന്നത് ആയിരിക്കാം ഇതിന് കാരണം. എന്നാൽ, ഇത്തരത്തിൽ വയ്ക്കുന്ന ഒരു വാഹനം മൂലം വലിയൊരു അപകടമോ നഷ്ടമോ ഉണ്ടായാലോ? ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
ചൈനയിലെ ഒരു ഷോപ്പിങ് മാളിലാണ് ഇത്തരത്തിലുള്ള വലിയൊരു അപകടമുണ്ടായിരിക്കുന്നത്. ഹെബെയ് പ്രവശ്യയിലെ ഷോപ്പിങ് മാളിൽ പ്രദർശനത്തിന് വെച്ചിരുന്ന മെഴ്‌സിഡീസ് ബെൻസ് ജിഎൽസി എൽ ഇ.വിയാണ് അപ്രതീക്ഷിതമായി പിന്നിലേക്ക് ഉരുണ്ട് പോയത്. മാളിൽ സ്ഥാപിച്ചിട്ടുള്ള എസ്‌കലേറ്ററിലും ഗ്ലാസ് റെയിലിലും ഇടിച്ച ശേഷം വാഹനം വീണ്ടും പിന്നിലേക്ക് നീങ്ങുകയായിരുന്നു.
സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഗ്ലാസ് റെയിൽ തകർത്ത് പിന്നിലേക്ക് നീങ്ങിയ വാഹനത്തിന്റെ പിന്നിലെ രണ്ട് ടയറുകൾ ഉൾപ്പെടെ പകുതി താഴേക്ക് പതിക്കാൻ പാകത്തിൽ തൂങ്ങി കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അൽപ്പം കൂടി പിന്നിലേക്ക് വന്നിരുന്നെങ്കിൽ വാഹനം താഴത്തെ നിലയിലേക്ക് പതിക്കുമായിരുന്നു എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. ഈ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ അതിവേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
വാഹനം ഇടിച്ച് തകർന്ന ഗ്ലാസും മറ്റ് വസ്തുക്കളും തൊട്ടുതാഴത്തെ നിലയിലുള്ള കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഏതാനും ചില ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാഹനം ക്രമീകരിക്കുന്നതിനിടെ ഡ്രൈവർ അറിയാതെ ആക്‌സിലറേറ്റർ അമർത്തിയതാവാം അപകട കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. വാഹനവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
മെഴ്‌സിഡീസ് ചൈനയിൽ മാത്രം ഇറക്കിയിട്ടുള്ള ബെൻസ് ജിഎൽസി എൽ ഇ.വിയാണ് പിന്നിലേക്ക് നീങ്ങിയ ഈ വാഹനം. ഓൾ ഇലക്ട്രിക്-ലോങ് വീൽബേസ് ആറ് സ്പീറ്റർ എസ്‌യുവിയാണിത്. 800 വോൾട്ട് ഇലക്ട്രിക് ആർക്കിടെക്ചറും 89 കിലോ വാട്ട് ബാറ്ററി പാക്കുമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിൽ 700 കിലോ മീറ്റർ ഈ വാഹനം ഓടും. 416 എച്ച്പി പവറും 800 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കുതിപ്പേകുന്നത്.
Content Highlights: A Mercedes-Benz GLC L EV on display in a Chinese shopping mall unexpectedly rolled backwards., The vehicle broke through a glass railing, hanging dangerously over the edge of the floor., Minor injuries and property damage were reported on the lower level, though an official cause is pending., The Mercedes-Benz GLC L EV is an exclusive long-wheelbase electric SUV in China with a 700 km range.