രണ്ടരവര്‍ഷം; ക്യാമറയില്‍ കുടുങ്ങിയ നിയമലംഘനത്തിന് പിഴ 269 കോടി, അടയ്ക്കില്ലെന്ന നിലപാടില്‍ വാഹനഉടമകൾ

മുംബൈ-പുണെ അതിവേഗപാതയില്‍ ഗതാഗതനിയമലംഘനത്തിന് നല്‍കിവരുന്ന ഇ-ചലാനില്‍ വ്യാപകപരാതി. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താന്‍ ഒരുവര്‍ഷംമുന്‍പ് സ്ഥാപിച്ച ഇന്റലിജന്‍സ് ട്രാന്‍സ്‌പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റത്തിനെതിരേയാണ് (ഐടിഎംഎസ്) ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളടക്കം വാഹനയുടമകള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ നടപ്പാക്കിയ സംവിധാനത്തിലൂടെ പിഴയായി അമിതനിരക്ക് ഈടാക്കുന്നെന്നതാണ് പ്രധാന ആരോപണം. 2024 ജൂലായ് മാസംവരെ 269.47 കോടിയുടെ ചലാന്‍ നല്‍കിയെങ്കിലും പിരിഞ്ഞുകിട്ടിയത് 25.17 കോടി രൂപ മാത്രമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ നടപ്പാക്കിയ സംവിധാനത്തിലൂടെ നല്‍കുന്ന ചലാന്‍ തുക അടയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍.
മഹാരാഷ്ട്ര റോഡ് വികസന കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) ആര്‍ടിഒ, ഹൈവേ പോലീസ് എന്നിവരുടെ സഹകരണത്തോടെ സ്വകാര്യ-പൊതുമേഖല സംരംഭമായാണ് (പിപിപി) പദ്ധതി നടപ്പാക്കിയത്. പതിനേഴോളം ഗതാഗതലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ കഴിയുമെങ്കിലും ഭൂരിഭാഗവും അതിവേഗത്തിനുള്ള ചലാനാണ് സിസ്റ്റത്തിലൂടെ നല്‍കിയിരിക്കുന്നത്.
നമ്പര്‍പ്ലേറ്റ് തിരിച്ചറിയാനുള്ള സെന്‍സറുകള്‍, ഓട്ടോമാറ്റിക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ കൗണ്ട് (എവിസിസി) സ്പീഡ് ഡിറ്റക്ടര്‍, കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള ഐടിഎം എസ് പ്രോക്ടാക്ക് സൊലൂഷന്‍ എന്ന കമ്പനിയാണ് സാങ്കേതികവിദ്യയുടെ നിയന്ത്രണം.
ഒരു ചലാന് 654.90 രൂപയാണ് കമ്പനിക്ക് ലഭിക്കുന്നത്. സാങ്കേതികവിദ്യക്ക് അംഗീകാരംകിട്ടുന്നതിന് മുന്‍പുതന്നെ ഇത് സ്ഥാപിച്ച് പിഴയീടാക്കാന്‍ തുടങ്ങിയത് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ 167-ാം വകുപ്പിന്റെ ലംഘനമാണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമകള്‍ പറയുന്നത്.
Content Highlights: Mumbai-Pune Expressway's E-Challan System Faces Backlash