ഒരുവർഷം 10 ലക്ഷം വാഹനങ്ങൾ; രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമാണശാല ഇതാണ് ..

ഗുജറാത്തിലെ ഹൻസൽപുർ വാഹന നിർമാണ കേന്ദ്രത്തിന്റെ ശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റുകളായി ഉയർത്തി മാരുതി സസുക്കി. കമ്പനിയുടെ നാലാമത്തെ പ്ലാന്റ് (പ്ലാന്റ് ഡി) വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതോടെയാണിത്. പ്രതിവർഷം 250,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ളതാണ് നാലാമത്തെ പ്ലാന്റ്. ഇതിന്റെ പ്രവർത്തനം തുടങ്ങിയതോടെ ഹൻസൽപൂർ കേന്ദ്രത്തിന്റെ മൊത്തം വാർഷിക ഉത്പാദന ശേഷി 750,000 യൂണിറ്റിൽ നിന്ന് 10 ലക്ഷം യൂണിറ്റായി ഉയർന്നു.
ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നിർമാണ കേന്ദ്രത്തിന്റെ മൊത്തം വാർഷിക ഉത്പാദന ശേഷി 10 ലക്ഷം യൂണിറ്റിലെത്തുന്നത്. മാരുതി സുസുക്കിയുടെ ഹൻസൽപൂർ കേന്ദ്രം ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമാക്കി മാറും.
ഹൻസൽപൂർ പ്ലാന്റ് ഡി യുടെ പ്രവർത്തനം ആരംഭിച്ചതോടെ മാരുതി സുസുക്കിയുടെ മൊത്തം നിർമാണ ശേഷി പ്രതിവർഷം 29 ലക്ഷം യൂണിറ്റായി ഉയർന്നു. ഈ കേന്ദ്രത്തിലെ ആകെ നിക്ഷേപം 25,288.7 കോടി രൂപയാണ്. പുതിയ പ്ലാന്റിൽ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയാണ് ആദ്യഘട്ടത്തിൽ ഉത്പാദിപ്പിക്കുന്നത്. ഹൻസൽപുരിൽ ഫ്രോങ്ക്‌സ്, ബലെനോ, സ്വിഫ്റ്റ്, ഇ-വിറ്റാര എന്നിവ മാരുതി സുസുക്കി നിർമിക്കുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വിദേശ കയറ്റുമതിയുടെ ഏകദേശം 47% ഈ കേന്ദ്രത്തിന്റെ വിഹിതമായിരിക്കും.
2024 മാർച്ചിൽ ഹൻസൽപൂർ കേന്ദ്രത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഇൻ-പ്ലാന്റ് റെയിൽവേ സൈഡിങ് പ്രവർത്തനം ആരംഭിച്ചിരുന്നു. 2023 മാർച്ച് മുതൽ ഇതുവരെ 750,000 ൽ അധികം വാഹനങ്ങൾ മാരുതി സുസുക്കി റെയിൽവേ സംവിധാനം വഴി അയച്ചിട്ടുണ്ട്. ഇത് കാർബൺ ബഹിർഗമനം, വാഹന ഗതാഗതത്തിലെ ഇന്ധന ഉപയോഗം എന്നിവ കുറയ്ക്കുകയും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു.
Content Highlights: Hansalpur facility achieves 1 million annual production capacity, a first for Suzuki globally., New Plant D adds 250,000 units capacity, focusing on e Vitara production., Total investment at Hansalpur facility reaches Rs 25,288.7 crore., Gujarat in-plant railway siding registered under Verra's VCS program in 2026., Strong focus on CSR with local CBSE schools and NABH-accredited multi-specialty hospitals.