ഇതാ ഇ-വിത്താര; മാരുതി സുസുക്കിയുടെ ആദ്യ EV എത്തി, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷ

#Auto Desk

ഏറെ ആകാംഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ-വിത്താരയുടെ ഇന്ത്യൻ പതിപ്പ് അവതരിപ്പിച്ചു. 49kWh, 61kWh എന്നീ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഇതിന് 543 കിലോമീറ്റർ വരെ ARAI- സാക്ഷ്യപ്പെടുത്തിയ റേഞ്ചുണ്ട്. വാഹനത്തിന്റെ ബുക്കിങ് ഉടൻ ആരംഭിക്കും. 2026-ന്റെ തുടക്കത്തിൽ ഇ-വിത്താര വിപണിയിലെത്തും. അതേസമയം, എസ്.യു.വിയുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പവർട്രെയിനും ട്രിമ്മുകളും

49kWh, 61kWh എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇ-വിത്താര ലഭ്യമാകും. ഇവ രണ്ടും ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD) സംവിധാനത്തോടു കൂടിയാണ് വരുന്നത്. വലിയ ബാറ്ററി പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 543 കിലോമീറ്ററാണ്. മൂന്ന് ട്രിമ്മുകളിൽ ലഭ്യമാകും ഇ-വിത്താര ലഭ്യമാകും. അടിസ്ഥാന ട്രിമ്മായ ഡെൽറ്റയിൽ 49kWh ബാറ്ററി പാക്കും സീറ്റ, ആൽഫ ട്രിമ്മുകളിൽ വലിയ യൂണിറ്റും ലഭിക്കും.

ചാർജിങ് സൗകര്യങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിങ് ശൃംഖല തങ്ങൾക്കുണ്ടെന്ന് മാരുതി അവകാശപ്പെടുന്നു. ഇ-വിത്താര ചാർജ് ചെയ്യുന്നതിനായി, ഇന്ത്യയിലെ 1100-ൽ അധികം നഗരങ്ങളിലായി രണ്ടായിരത്തിൽ അധികം ചാർജിങ് പോയിന്റുകൾ മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വിപുലമായ ചാർജിങ് സൗകര്യങ്ങൾക്കായി 13 ചാർജിങ് പോയിൻ്റ് ഓപ്പറേറ്റർമാരുമായി (CPO) കമ്പനി സഹകരിച്ചിട്ടുണ്ട്.

ഡീലർമാരുമായും CPO-കളുമായും സഹകരിച്ച് 2030-ഓടെ ഒരു ലക്ഷത്തിലധികം ചാർജിങ് പോയിന്റുകളുടെ ശൃംഖല സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഓരോ 5-10 കിലോമീറ്ററിലും ഒരു ചാർജർ ലഭ്യമാണെന്ന് മാരുതി അവകാശപ്പെടുന്നു. ഇത് 'ഇ ഫോർ മീ' ആപ്പ് വഴി കണ്ടെത്താനാകും. സർവീസ് പിന്തുണയ്ക്കായി 1500-ൽ അധികം ഇവി-റെഡി വർക്ക്ഷോപ്പുകളും കമ്പനിക്കുണ്ട്.

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ

BNCAP-ൽ നിന്ന് ഇ-വിത്താരയ്ക്ക് 5-സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിച്ചതായും മാരുതി സ്ഥിരീകരിച്ചിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 31.49 പോയിൻ്റ് നേടി. ഫ്രണ്ട് ഓഫ്‌സെറ്റ്, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റുകളിൽ ഇ-വിത്താര യഥാക്രമം 16-ൽ 15.49 പോയിൻ്റും 16 പോയിൻ്റും കരസ്ഥമാക്കി.

സുസുക്കിയുടെ പുതിയ ഹാർട്ട്ടെക്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര നിർമ്മിച്ചിരിക്കുന്നത്. ലെവൽ-2 എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഏഴ് എയർബാഗുകൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇ-വിത്താരയുടെ എല്ലാ വേരിയൻ്റുകളിലും ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), സൈഡ് ഹെഡ് പ്രൊട്ടക്ഷൻ സിസ്റ്റം (കർട്ടൻ എയർബാഗുകൾ), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ (എസ്ബിആർ) എന്നിവ സ്റ്റാൻഡേർഡായി നൽകുന്നു. ഡിസയർ, വിക്ടോറിസ്, ഇൻവിക്റ്റോ എന്നിവയ്ക്ക് ശേഷം ബിഎൻസിഎപി വിലയിരുത്തലിൽ 5-സ്റ്റാർ നേടുന്ന നാലാമത്തെ മാരുതി സുസുക്കി വാഹനമാണ് ഇ-വിത്താര.

എതിരാളികളുടെ പേടി സ്വപ്നമാകുമോ?

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താര മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് എത്തുന്നത്. കമ്പനിയുടെ ഗുജറാത്തിലെ ഹൻസൽപുർ ഫാക്ടറിയിലാണ് ഈ വാഹനം നിർമിക്കുന്നത്.

ഇന്ത്യക്ക് പുറമെ, വിദേശ രാജ്യങ്ങളിലേക്കുള്ള ഇ-വിത്താരയും ഈ പ്ലാന്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ടില്ലെങ്കിലും ഇതുവരെ ഇ-വിത്താരയും 7000 യൂണിറ്റുകളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. യുകെയിലേക്കാണ് പ്രധാനമായും ഈ വാഹനം കയറ്റി അയച്ചിരിക്കുന്നത്.

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളെല്ലാം തന്നെ ഇതിനോടകം തന്നെ ഇലക്ട്രിക് മോഡലുകൾ എത്തിച്ചിട്ടുണ്ട്. ഇതിൽ തന്നെ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലാണ് കൂടുതൽ മോഡലുകൾ എത്തിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ഇസഡ്എസ് ഇവി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര ബിഇ6, വിൻഫാസ്റ്റ് വിഎഫ് 6 തുടങ്ങിയ മോഡലുകളുമായായിരിക്കും ഇ-വിത്താരയ്ക്ക് മത്സരിക്കേണ്ടി വരിക.

Content Highlights: Maruti Suzuki launches the all-new eVitara in India! Discover its impressive range, battery options, booking details, and launch timeline. Get ready for India`s electric future!