കാറിൽ VHF റേഡിയോ ഉപയോഗിക്കുന്ന ചിത്രം പങ്കുവെച്ച് മമ്മൂട്ടി, വാഹനമേതെന്ന് തിരഞ്ഞ് വാഹനപ്രേമികൾ

മലയാള സിനിമയിലെ ഏറ്റവും അപ്ഡേറ്റഡായിട്ടുള്ള വ്യക്തി എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങളുടെയും ഗാഡ്ജറ്റുകളുടെയും തുടങ്ങി പല മേഖലകളിലും അദ്ദേഹം അത് തെളിയിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഈ ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1990-കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന വിഎച്ച്എഫ് റേഡിയോ ഉപയോഗിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ജേസിയുടെ ഡാറ്റബേസിൽ നിന്നുള്ള ചിത്രം എന്ന തലക്കെട്ടോടെ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. മമ്മൂട്ടി ആരാധകരെ പോലെ തന്നെ ഈ ചിത്രം വാഹനപ്രേമികളും ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി ഉപയോഗിക്കുന്ന ഡിവൈസുകളെ കുറിച്ചുള്ള അന്വേഷണവും പ്രശംസയുമായി ആരാധകർ നടത്തിയതെങ്കിൽ മമ്മൂട്ടി ഇരിക്കുന്ന വാഹനമേതാണെന്നാണ് ഈ ചിത്രം കണ്ട വാഹനപ്രേമികളിൽ ഭൂരിഭാഗവും അന്വേഷിച്ചത്.
ചിത്രത്തിന്റെ താഴെ ഈ വാഹനം ഏതാണെന്നുള്ള നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസർ ആണെന്നും ടാറ്റ എസ്റ്റേറ്റ് ആണെന്നും മാരുതി 1000 ആണെന്നും മാരുതി സുസുക്കി എസ്റ്റീം ആണെന്നുമെല്ലാമാണ് കമന്റുകൾ. 1990-ലെ ഫോട്ടോ ആണെന്ന് ചിത്രം എടുത്തയാൾ കമന്റ് ചെയ്തിട്ടുള്ളതിനാൽ തന്നെ ഇത് ടാറ്റ എസ്റ്റേറ്റ് അല്ലെന്ന് ഉറപ്പാണ്. കാരണം എസ്റ്റേറ്റ് 1992-ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
ചിത്രത്തിലെ ഡാഷ്ബോർഡിന്റെ ഡിസൈനും ഫീച്ചറുകളും വെച്ച് നോക്കിയാൽ ഇത് മാരുതി 1000 അല്ലെങ്കിൽ മാരുതി സുസുക്കി എസ്റ്റീം കാർബുറേറ്റർ മോഡൽ ആകാനാണ് സാധ്യത. മാരുതി 1000 മോഡലിൽ നൽകിയിരുന്ന ഡാഷ്ബോർഡ് തന്നെയാണ് എസ്റ്റീമിൽ ആദ്യകാലത്ത് നൽകിയിരുന്നത്. അതേസമയം, എസ്റ്റീമിന്റെ എംപിഎഫ്ഐ എൻജിൻ മോഡലിന്റെ ഡാഷ്ബോർഡിന്റെ ഘടനയിൽ കാർബുറേറ്റർ മോഡലിലേതിൽ നിന്ന് ഏതാനും മാറ്റങ്ങൾ വരുത്തിയിരുന്നു.
ടൂ സ്പോക്ക് സ്റ്റിയറിങ് വീൽ, ഗിയർനോബ്, ഡോർ പാഡിലെ ഡിസൈനും, ഡോർ പാഡും, ഡോർ ഓപ്പണർ, ഗ്ലാസ് താഴ്ത്തുന്നതിനുള്ള ലിവർ, സീറ്റിലെ സ്റ്റിച്ചിങ്ങ്, ഹസാഡസ് ലൈറ്റിന്റെ സ്വിച്ച് എന്നിവയ്ക്ക് പുറമെ, ഡാഷ്ബോർഡിൽ നൽകിയിട്ടുള്ള കൺട്രോളുകളും സ്വിച്ചുകളും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററിന് താഴെയായി കൺട്രോൾ സ്വിച്ചുകൾ നൽകുന്നതായി ഒഴിച്ചിട്ടിരിക്കുന്ന സ്പേസുമെല്ലാം മാരുതിയുടെ ഈ രണ്ട് വാഹനങ്ങളിൽ ഒന്നാകാനുള്ള സാധ്യത വർധിപ്പിക്കുന്നവയാണ്.
Content Highlights: Rare archival photo of Mammootty from the 1990s using a VHF radio., Viral social media debate regarding the car model featured in the image., Technical analysis of dashboard features identifying the car as likely a Maruti 1000 or early Maruti Esteem., Evidence-based deduction ruling out the Tata Estate model based on 1992 launch timeline.