ആള്‍ട്ടോയില്‍നിന്ന് അപ്‌ഗ്രേഡ്; നടന്‍ മണി ഷൊര്‍ണൂരിന് യാത്രകളില്‍ കൂട്ടായി ഇനി ഈ വാഹനം

Photo: facebook.com/arumughan.mani.1 & Youtube.com/ Safari cars by Anfal
Photo: facebook.com/arumughan.mani.1 & Youtube.com/ Safari cars by Anfal

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മണി ഷൊര്‍ണൂര്‍. മലയാളികളെ ഏറെ ചിരിപ്പിക്കുന്ന നടന് ഇനി യാത്രകളില്‍ കൂട്ടായി പുതിയ വാഹനമെത്തുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ ആണ് മണി ഷൊര്‍ണ്ണൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. മലപ്പുറത്തെ യൂസ്ഡ് കാര്‍ ഷോറൂമായ സഫാരി കാര്‍സില്‍നിന്നാണ് മണി ഷൊര്‍ണ്ണൂര്‍ വാഹനം സ്വന്തമാക്കിയത്. ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഒന്‍പതുവര്‍ഷം മുന്‍പ് ആള്‍ട്ടോ 800 ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ വാഹനമെന്നാണ് നടന്‍ വീഡിയോയില്‍ പറയുന്നത്. 'കൊക്കിന് ഒതുങ്ങുന്നത് മതി. നമ്മള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. ഒരു കലാകാരനാണ്. കലയില്‍നിന്ന് താഴെവീണാല്‍ പിന്നെ ആരും ഉണ്ടാകില്ല. പിന്നെ വരുമാനം ഉണ്ടാകില്ല. എല്ലാം കൈവിട്ട് ഇരിക്കുന്ന പല ആര്‍ട്ടിസ്റ്റുകളും നിസ്സഹായരായി ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ആവരുത്. എന്നില്‍ ഒതുങ്ങുന്നത് എടുക്കുക, എന്റെ കാലം കഴിഞ്ഞുപോയാലും അത് പ്രശ്‌നമില്ലല്ലോ', അദ്ദേഹം പറഞ്ഞു. 

കറുപ്പ് നിറത്തിലുള്ള നെക്‌സോണ്‍ ആണ് ഇനി മണി ഷൊര്‍ണ്ണൂരിന്റെ യാത്രകളില്‍ കൂട്ടായുള്ളത്. എന്നാല്‍, നെക്‌സോണിന്റെ ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രിയ മോഡലാണ് കോംപാക്ട് എസ്.യു.വി.യായ നെക്‌സോണ്‍. 2017-ല്‍ വിപണിയിലെത്തിയ നെക്‌സോണിന് ഇന്നും ആവശ്യക്കാരേറെയാണ്. കാലത്തിനൊത്ത മാറ്റങ്ങളും പുതിയ ഫീച്ചറുകളും അവതരിപ്പിച്ച് നെക്‌സോണിന്റെ ജൈത്രയാത്ര തുടരുകയാണ്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് പിന്നാലെ അടുത്തിടെ നെക്‌സോണിന്റെ സി.എന്‍.ജി. മോഡലും ടാറ്റ അവതരിപ്പിച്ചിരുന്നു. നെക്‌സോണ്‍ ഇലക്ട്രിക്കും വിപണിയിലുണ്ട്.

Content Highlights: malayalam actor mani shoranur bought new car