വാഹനം മോഷണം പോകുമോയെന്ന് ഭയം; ക്രെയിൻ ഉപയോഗിച്ച് സ്‌കോർപിയോ വീടിന് മുകളിൽ കയറ്റി വാഹന ഉടമ | Video

#Auto Desk
വാഹനം ക്രെയിന്‍ ഉപയോഗിച്ച് വീടിന് മുകളില്‍ സ്ഥാപിക്കുന്നു | Photo: Instagram/indiathatsbharat
വാഹനം ക്രെയിന്‍ ഉപയോഗിച്ച് വീടിന് മുകളില്‍ സ്ഥാപിക്കുന്നു | Photo: Instagram/indiathatsbharat

വീട് പൂട്ടിയിട്ട് ദീർഘദൂര യാത്രകൾ പോകുകയാണെങ്കിൽ പോലീസിനെ വിവരം അറിയിക്കുകയെന്നത് എല്ലായിടത്തും പാലിച്ച് പോരുന്ന കീഴ്‌വഴക്കമാണ്. ഇത്തരത്തിൽ അറിയിപ്പ് ലഭിച്ചാൽ പോലീസിന്റെ ഒരു കരുതൽ ഇക്കാര്യത്തിൽ ഉണ്ടാകും. എന്നാൽ പോലും പൂട്ടികിടക്കുന്ന വീടുകളിൽ മോഷണങ്ങൾ നടക്കാറുണ്ട്. ഇത്തരത്തിലുള്ള കള്ളൻമാരെ ഭയന്ന്, തന്റെ എസ്‌യുവി സുരക്ഷിതമാക്കാൻ ഒരു വാഹന ഉടമ സ്വീകരിച്ച മാർഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമ, വാഹനം സുരക്ഷിതമാക്കുന്നതിനായി ക്രെയിൻ ഉപയോഗിച്ച് അദ്ദേഹത്തിന്റെ എസ്‌യുവി വീടിന് മുകളിൽ കയറ്റി വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. താൻ വിദേശത്ത് ആയിരിക്കുന്ന സമയത്ത് വാഹനം ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പെട്ടെന്ന് ആർക്ക് എടുക്കാൻ സാധിക്കാത്തത് പോലെ അദ്ദേഹം ക്രെയിൻ വിളിച്ച് വാഹനം ഉയർത്തി വീടിന് മുകളിൽ വെച്ചത് എന്നാണ് റിപ്പോർട്ടുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്ക് ആണ് അദ്ദേഹത്തിന്റെ വാഹനം. ഒരു റെസിഡൻഷ്യൽ ഏരിയയിലുള്ള രണ്ട് നില വീടിന്റെ രണ്ടാമത്തെ നിലയിലാണ് വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി വെക്കുന്നത്. നിരവധി ആളുകൾ ഈ കാഴ്ച കാണാൻ തടിച്ച് കൂടിയിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, വ്യത്യസ്തമായ അദ്ദേഹത്തിന്റെ വാഹന പാർക്കിങ്ങിനെ പുകഴ്ത്തിയും പരിഹസിച്ചും നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

വാഹനത്തിന്റെ ഉടമ ജോലി തേടി വിദേശത്തേക്ക് പോകുകയാണ്. നാട്ടിൽ ഇല്ലാത്ത സമയത്ത് തന്റെ സ്‌കോർപിയോ വീടിന്റെ പോർച്ചിലോ മറ്റ് പാർക്കിങ് സ്ഥലങ്ങളിലോ ഇട്ടിട്ട് പോകാൻ അദ്ദേഹത്തിന് ധൈര്യമില്ലാത്തത് കൊണ്ടാണ് വാഹനം വീടിന്റെ മുകളിൽ കയറ്റി വെക്കാമെന്ന ആശയം പരീക്ഷിക്കുന്നത്. വാഹനം മോഷ്ടാക്കൾ കൊണ്ടുപോകുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ബീഹാറിൽ എവിടെയാണ് ഈ സംഭവം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. വാഹനത്തിന്റെ ഉടമയുടെ വിവരങ്ങളും എത്ര നാളത്തേക്കാണ് സ്‌കോർപിയോ മേൽക്കൂരയ്ക്ക് മേൽ സ്ഥാപിച്ചിരിക്കുന്നതെന്ന കാര്യത്തിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, വാഹനം മേൽക്കൂരയിൽ നിർത്തുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകളും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. വാഹനത്തിന്റെ ഭാരം, മേൽക്കൂരയുടെ ഉറപ്പ് എല്ലാം ചർച്ചാവിഷയമാണ്.

Content Highlights: A car owner used a crane to lift his Mahindra Scorpio onto the roof of his two-story house., The unusual parking method was chosen to protect the vehicle from theft while the owner is abroad., The viral video has sparked both praise and concerns on social media regarding roof safety and weight limits.