പഞ്ചറായ ടയറുമായി 60 KM വേഗത്തിലോടി, സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചു; BE6 കത്തിയതിൽ മഹീന്ദ്ര

മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ ബിഇ 6 അഗ്നിക്കിരയായത് കഴിഞ്ഞ ദിവസം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. കേവലം മഹീന്ദ്രയുടെ വാഹനങ്ങളെക്കാൾ ഉപരി ഇലക്ട്രിക് വാഹനങ്ങളുടെ ആകെ സുരക്ഷയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു പല പ്രചരണങ്ങളും. എന്നാൽ, ബിഇ6 അഗ്നിക്കിരയായത് സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുകയാണ് നിർമാതാക്കളായ മഹീന്ദ്ര. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മഹീന്ദ്ര പ്രസ്താവന നടത്തിയിരിക്കുന്നത്.
വാഹനത്തിന്റെ ബാറ്ററിയിലോ ഇലക്ട്രിക് മോട്ടോറിലോ ഉണ്ടായ പോരായ്മയല്ല തീപിടിത്തത്തിന് കാരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ വലത് വശത്തെ പിൻഭാഗത്തെ ടയർ പഞ്ചറായതും അതുമായി ദീർഘദൂരം സഞ്ചരിച്ചതുമാണ് തീപിടിക്കാൻ കാരണമെന്നാണ് മഹീന്ദ്ര പറയുന്നത്. ടയർ പഞ്ചറാണെന്നുള്ള മുന്നറിയിപ്പ് ലഭിച്ച ശേഷവും പത്ത് മിനിറ്റ് സമയം വാഹനം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പിന്നെയും ഓടിയതാണ് സുപ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ടയറിന്റെ ചൂടുകൂടി തീപിടിക്കുകയായിരുന്നു. ആ ടയറിൽ നിന്നാണ് തീ പടർന്നതെന്നും വീഡിയോയിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ടയർ പഞ്ചറായതോടെ തന്നെ സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ ആക്ടീവാകുകയും ടയറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി വാഹനത്തിന്റെ വേഗത നിയന്ത്രിക്കുകയും ഡ്രൈവ് സിസ്റ്റം പൂർണമായും നിർത്തുകയും ചെയ്തിരുന്നതായാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. പഞ്ചറായ ടയറുമായി വാഹനം ഓടിയതിനെ തുടർന്ന് റോഡും ടയറും തമ്മിൽ ഉരഞ്ഞുണ്ടായ അമിത താപം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് മഹീന്ദ്രയുടെ വാദം. വാഹനം പൂർണമായും അഗ്നിക്കിരയായിട്ടും ബാറ്ററിക്കും മോട്ടോറിനും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ലെന്നും മഹീന്ദ്രയുടെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഗുലാത്തിക്ക് സമീപം ഓടിക്കൊണ്ടിരുന്ന മഹീന്ദ്രയുടെ ബിഇ6 ഇലക്ട്രിക് എസ്‌യുവി അഗ്നിക്കിരയായത്. എന്നാൽ, വാഹനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ചുവപ്പ് നിറത്തിലുള്ള ബിഇ6 അഗ്നിക്കിരയാകുന്നതിന്റെ ദൃശ്യങ്ങൾ അതിവേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെയാണ് നിർമാതാക്കളായ മഹീന്ദ്ര തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlights: Mahindra explains why its BE.6 electric SUV caught fire. A punctured tyre, driven at 60 km/h, led to excessive heat and the blaze, not battery issues.