സൈക്കിളുമല്ല, മോട്ടോർ സൈക്കിളുമല്ല, തൊടാനാകാതെ ലോ പവർ ഇലക്ട്രിക് സ്കൂട്ടറുകൾ; MVD-ക്കും തലവേദന

കോഴിക്കോട്: സൈക്കിളാണോ എന്നു ചോദിച്ചാൽ അല്ല, മോട്ടോറുള്ള വണ്ടിയാണ്. മോട്ടോർ സൈക്കിളാണോ എന്നു ചോദിച്ചാൽ മോട്ടോർ വാഹന ചട്ടപ്രകാരം അതുമല്ല. നിയമത്തിലെ ഇളവ് മുതലെടുത്ത് 250 വാട്ടിൽ താഴെയുള്ള ലോ-പവർ ഇലക്ട്രിക് സ്കൂട്ടറുമായി കുതിക്കുകയാണ് കൗമാരക്കാർ.
250 വാട്ടിൽ താഴെ മോട്ടോറുള്ള, പരമാവധി വേഗം മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെയായ വണ്ടികളെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ 'ബാറ്ററി ഓപ്പറേറ്റഡ് വെഹിക്കിൾ' എന്നാണ് വിളിക്കുന്നത്. രജിസ്ട്രേഷൻ, റോഡ് ടാക്സ്, ഇൻഷുറൻസ് എന്നിവയൊന്നും ബാധകമല്ല. വിലയും കുറവ്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാലുള്ള ശിക്ഷയുടെ പരിധിയിൽ ഈ സ്കൂട്ടറുകൾ പെടുന്നില്ല. ഓടിക്കുന്നവരുടെ പ്രായപരിധിയെക്കുറിച്ചും പരാമർശമില്ല.
മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ഈ വാഹനങ്ങളുണ്ടാക്കുന്ന നിയമലംഘനങ്ങൾക്ക് കേസെടുക്കാനും പരിമിതിയുണ്ട്. എന്നാൽ, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ പോലീസിന് ബി.എൻ.എസ്. വകുപ്പുകൾ ചുമത്താം. അധികപേരും ഇൻഷുറൻസ് എടുക്കാറില്ല. കുട്ടികൾ ഓടിച്ച വാഹനം മറ്റു വണ്ടികളിൽ തട്ടി അപകടമുണ്ടാവുമ്പോൾ രക്ഷിതാക്കൾ നഷ്ടപരിഹാരം നൽകി ഒഴിവാക്കാറാണ് പതിവ്.
അഞ്ചാം ക്ലാസുകാർവരെ ഡ്രൈവർമാർ
സൈക്കിളിനുപകരം ഇത്തരം വണ്ടികൾ വാങ്ങിനൽകുകയാണ് രക്ഷിതാക്കൾ. അഞ്ചാംക്ലാസ് മുതൽ പലരും സ്കൂളിൽ പോകുന്നത് ഇത്തരം സ്കൂട്ടറിൽ. മണിക്കൂറിൽ 25 കിലോമീറ്ററെന്ന പരമാവധി വേഗം, പലരും വർക്ഷോപ്പുകളിൽ കൊണ്ടുപോയി കൂട്ടാറുണ്ട്.
കുട്ടികളുടെ സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാനദണ്ഡം രൂപവത്കരിക്കണമെന്നും ബോധവത്കരണം നൽകണമെന്നുമാണ് ട്രാഫിക് ഉദ്യോഗസ്ഥരും അധ്യാപകരും ആവശ്യപ്പെടുന്നത്.
Content Highlights: Low-power electric scooters under 250W do not require registration, road tax, or insurance., Minors and even 5th-grade students are widely using these vehicles to commute to school., Modifications to increase speed beyond the 25 km/h limit are common in local workshops., Traffic officials and teachers are demanding strict guidelines and awareness from governments.