Ti7 എസ്യുവി ഡിഫൻഡറിനെ കോപ്പിയടിച്ച് നിർമിച്ചത്, ചൈനീസ് കമ്പനി BYD-ക്കെതിരേ നിയമയുദ്ധവുമായി ലാൻഡ് റോവർ

ആഗോളതലത്തിൽ വാഹനലോകത്ത് ഒരു നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ചൈനീസ് കമ്പനി ബി.വൈ.ഡിയാണ് പ്രതിസ്ഥാനത്ത്. വാദി സ്ഥാനത്ത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്യുവി നിർമാതാക്കളായ ലാൻഡ് റോവറുമാണ്. ഡിഫൻഡറിന്റെ ഡിസൈൻ ടിഐ 7 എസ്യുവിക്കായി കോപ്പിയടിച്ചുവെന്നതായിരുന്നു ആദ്യഘട്ടത്തിലെ കേസ്. എന്നാൽ, ഇപ്പോൾ കേസിന്റെ ഗൗരവം അൽപ്പം കൂടിയിരിക്കുകയാണ്.
ലാൻഡ് റോവറിന്റെ എസ്യുവി മോഡലായ ഡിഫൻഡറിന്റെ ഡിസൈൻ ബി.വൈ.ഡിയുടെ ടിഐ 7 എന്ന ഇലക്ട്രിക് എസ്യുവിക്കായി കോപ്പിയടിച്ചുവെന്ന വിവാദമാണ് നിയമപോരാട്ടത്തിന്റെ തുടക്കം. ഇതിന്റെ ഭാഗമായി ബി.വൈ.ഡിയുടെ നെതർലാൻഡിലെ ഷീഡാം, ഹൂഫ്ഡോർപ്പ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ കോടതി നിയോഗിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിഫൻഡറിലെ സാങ്കേതികവിദ്യയും ടിഐ 7 എസ്യുവിക്കായി ബി.വൈ.ഡി. ചേർത്തുവെന്ന ആരോപണം ഉയരുന്നത്.
ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ബി.വൈ.ഡിയിൽ നിന്ന് ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തിരുന്നു. രേഖകൾ നശിപ്പിക്കപ്പെടാതിരിക്കാനാണ് പിടിച്ചെടുത്തതെന്നും ടിഐ 7 വികസിപ്പിക്കുന്നതിനായി ബി.വൈ.ഡി, ഡിഫൻഡർ എസ്യുവിയുടെ സാങ്കേതിക വിവരങ്ങൾ പരിശോധിച്ചിട്ടുണ്ടോയെന്നും കണ്ടെത്താൻ ഈ രേഖകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. റെയ്ഡിന് മുമ്പുതന്നെ വിവരങ്ങൾ ആവശ്യപ്പെട്ട് ജാഗ്വാർ ലാൻഡ് റോവർ നടത്തിയ അന്വേഷണങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നാണ് ബി.വൈ.ഡി. അറിയിച്ചിരുന്നത്.
ഹേഗിലെ കോടതിയാണ് ഈ രണ്ട് വാഹന നിർമാതാക്കളും തമ്മിലുള്ള കേസ് പരിഗണിക്കുന്നത്. കേസിൽ പരാമർശിച്ചിട്ടുള്ള വാഹനങ്ങളുടെ ഡിസൈനുകൾ, സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവ കോടതി പരിശോധിക്കും. ബൗദ്ധിക സ്വത്തവകാശ മോഷണ കേസുകളിൽ നെതർലാൻഡിലെ കോടതി അനുകൂല നിലപാടുകൾ സ്വീകരിച്ച ചരിത്രമുള്ളതിനാലാണ് അവിടുത്തെ കോടതിയിൽ ഈ കേസ് നൽകിയതെന്നാണ് ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ രണ്ട് കമ്പനികളും പ്രതികരിച്ചിട്ടില്ല.
ബോക്സി ഡിസൈനിൽ ഒരുങ്ങിയിട്ടുള്ളതും ഏഴ് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്നതുമായ എസ്യുവിയാണ് ബി.വൈ.ഡിയുടെ ടിഐ 7. 5146 എംഎം നീളമുള്ള ഈ വാഹനം 2025 സെപ്റ്റംബർ മാസം മുതൽ ചൈനയിൽ വിറ്റഴിക്കുന്നുണ്ട്. കാഴ്ചയിൽ ലാൻഡ് റോവറിന്റെ ഡിഫൻഡറുമായി ഏറെ സാമ്യമുള്ള വാഹനവുമാണിത്. ആദ്യഘട്ടത്തിൽ ഡിസൈൻ കോപ്പിയടിച്ചുവെന്ന് മാത്രമായിരുന്നു ആരോപണമെങ്കിൽ ഇപ്പോൾ റിവേഴ്സ് എൻജിനിയറിങ്, ബൗദ്ധിക സ്വത്തവകാശ ലംഘനം തുടങ്ങിയ ആരോപണങ്ങളും ഉയരുന്നുണ്ട്.
ഒരുഘട്ടത്തിൽ ചൈനീസ് ഡിഫൻഡർ എന്ന് പോലും ടിഐ 7 എസ്യുവിയെ വിളിച്ചിരുന്നു. ഡിഫൻഡറുമായുള്ള ഡിസൈൻ സമാനതകൾ കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വിശേഷണം ലഭിച്ചതെന്നാണ് വിലയിരുത്തൽ. 2026 ജൂലായിയിൽ ഡിഫൻഡറിന്റെ സ്വന്തം വിപണിയായ യു.കെയിൽ ടിഐ 7 എത്തിയതോടെയാണ് വിവാദങ്ങൾ മൂർച്ഛിക്കുന്നത്. ഡിഫൻഡറിനെക്കാൾ 20,000 പൗണ്ട് വില കുറവിലാണ് ഈ വാഹനം എത്തിക്കുന്നത്. 2027 ജനുവരിയിലാണ് വിതരണം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
Content Highlights: Land Rover has taken legal action against BYD over alleged design and technology copying of the Defender for the TI7 electric SUV., Court-appointed officials raided BYD offices in the Netherlands to seize digital documents and prevent evidence destruction., The BYD TI7 is priced significantly lower than the Defender and launched in the UK in July 2026, intensifying the dispute.