പുത്തൻ ലംബോർഗിനിക്ക് മുന്നിൽ അമ്മ തേങ്ങയുടച്ചു, നേരേ കാറിന് മുകളിലേക്ക്; വീഡിയോ കണ്ടത് 7 കോടി പേർ

#Auto Desk
photo:vardhan__vogue/instagram
photo:vardhan__vogue/instagram

രു പുതിയ കാർ സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. വാഹനം കൈയിൽ കിട്ടിയാൽ പിന്നെ ചിലർക്കത് സ്വന്തം വിശ്വാസമനുസരിച്ച് ക്ഷേത്രത്തിലോ പള്ളിയിലോ കൊണ്ടുപോയി പൂജിക്കാതെ തൃപ്തിയാകില്ല.

ഇത്തരമൊരു പൂജയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

പൂജയ്ക്കിടെ ഉടമയുടെ അമ്മ ഉടച്ച നാളികേരം കോടികൾ വിലമതിക്കുന്ന ഒരു ലാ൦ബോർഗിനി കാറിനുമേൽ പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോയിൽ, ഒരു സ്ത്രീ തീനാളമുള്ള നാളികേരം കൈയിൽ പിടിച്ച് പൂജയുടെ ഭാഗമായി കാറിന് മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് പൂജാരിയുടെ സാന്നിധ്യത്തിൽ, കത്തുന്ന കർപ്പൂരം നിലത്തിട്ട സ്ത്രീ നാളികേരം തറയിൽ എറിഞ്ഞ് ഉടയ്ക്കുന്നു.

എന്നാൽ‌ നിലത്തുവീണ നാളികേരം കഷ്ണങ്ങളായി നേരെ‌ പതിച്ചതാകട്ടെ കാറിനുമുകളിലും. സംഭവവികാസങ്ങളിൽ ഞെട്ടിപ്പോയ സ്ത്രീയും പൂജാരിയും നിൽക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. കാറിന് ചെറിയ പോറൽ ഏറ്റോ അതോ മറ്റ് കേടുപാടുകൾ സംഭവിച്ചോ എന്ന് വ്യക്തമല്ല.

വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 76.3 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടി. ഈ അക്കൗണ്ട് പ്രകാരം, ഹൈദരാബാദിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വാഹനം ലാ൦ബോർഗിനി ഹുറാകാൻ ആണെന്നാണ് ദൃശ്യങ്ങളിൽനിന്നും മനസ്സിലാകുന്നത്.

Content Highlights: Watch a viral video of a puja ritual for a new Lamborghini where a coconut accidentally strikes the car`s headlights, causing a stir online.