കെഎസ്ആർടിസിക്ക് പുതിയ ബസ് നൽകില്ല, കൊടുത്തത് തെറ്റായിപ്പോയെന്ന് മന്ത്രി ഗണേഷ്കുമാർ

photo: KB Ganesh Kumar/facebook
photo: KB Ganesh Kumar/facebook

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഇനി പുതിയ ബസ് നൽകില്ല. നിലവിലെ ഡ്യൂട്ടിപ്രകാരം ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകേണ്ടിവരുന്നത് നഷ്ടമെന്നാണ് നിഗമനം. പുതിയ ബസുകൾ പഴയപടി സ്വിഫ്റ്റിന് നൽകും. സ്വിഫ്റ്റിലെ താത്കാലികജീവനക്കാർക്ക് ശമ്പളം കുറവായതിനാൽ ലാഭകരമായി ഓടിക്കാമെന്ന നിഗമനത്തിലാണിത് -മന്ത്രി ഗണേഷ്‌കുമാർ തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു.

അടുത്തിടെ കെഎസ്ആർടിസിക്ക് നൽകിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകളിൽ ഡ്യൂട്ടി കുറച്ചത് ജീവനക്കാരുടെ സംഘടനകൾ എതിർത്ത പശ്ചാത്തലത്തിലാണ് നയംമാറ്റം. സ്റ്റോപ്പ് കുറവാണെന്നതുകൊണ്ടാണ് പ്രീമിയം സൂപ്പർഫാസ്റ്റുകളിൽ ഡ്യൂട്ടി കുറച്ചത്. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പുതിയ ബസുകൾ പിൻവലിച്ച് പഴയവ നൽകുകയും മുൻ ഡ്യൂട്ടിക്രമം പുനഃസ്ഥാപിക്കുകയുംചെയ്തു. തിരിച്ചെടുത്ത പുതിയ ബസുകൾ സ്വിഫ്റ്റിന് നൽകി.

2022-ന് ശേഷം വാങ്ങിയ ബസുകളെല്ലാം സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. ഇതിൽ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചതോടെയാണ് അടുത്ത ബാച്ച് ബസുകൾ കെഎസ്ആർടിസിക്ക് നൽകാൻ മന്ത്രി തീരുമാനിച്ചത്. ആ തീരുമാനം തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ഓഫീസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി.

സ്വിഫ്റ്റ് ജീവനക്കാർക്ക് എട്ടുമണിക്കൂർ ജോലിചെയ്യുന്നതിന് 715 രൂപയാണ് ശമ്പളം. അധികജോലിക്ക് മണിക്കൂറിന് 130 രൂപ വീതം നൽകണം. എന്നാൽ, കെഎസ്ആർടിസി ജീവനക്കാർക്ക് നിലവിലുള്ള കരാർപ്രകാരം ഡ്യൂട്ടി അനുവദിക്കേണ്ടിവരും. ദീർഘദൂരബസുകളിൽ സ്ഥിരം ജീവനക്കാരെ അയക്കുമ്പോൾ നാലും അഞ്ചും ഡ്യൂട്ടി നൽകേണ്ടിവരും. ഇത്‌ ഒഴിവാക്കാൻവേണ്ടിയാണ് സ്വിഫ്റ്റിൽ കരാർനിയമനം കൊണ്ടുവന്നത്.

ബിജു പ്രഭാകർ സിഎംഡി ആയിരുന്നപ്പോൾ ദീർഘദൂരബസുകൾ സ്വിഫ്റ്റിനുമാത്രം നൽകുകയായിരുന്നു. ഇതുവഴി ചെലവുകുറച്ചാണ് വരുമാനമുണ്ടാക്കിയത്. അതേസമയം തൊഴിൽചൂഷണമാണ് സ്വിഫ്റ്റിന്റെ മറവിൽ നടക്കുന്നതെന്ന് തൊഴിലാളിസംഘടനകൾ ആരോപിച്ചു. കരാർലംഘിച്ച് ഡ്യൂട്ടി കുറച്ചതിന് എതിരേയാണ് പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു.

Content Highlights: Kerala Transport Minister Ganesh Kumar announces KSRTC will not receive new buses, with a shift back to Swift buses for profitability. Understand the reasons behind this decision and its impact.