മന്ത്രി-മേയർ തർക്കം തീർന്നു; ഇടറോഡുകളിൽ വീണ്ടും ഇ-ബസ്, റൂട്ട് നിർദേശിച്ച് കൗൺസിലർമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് കോർപ്പറേഷൻ വാങ്ങിനൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിലേക്ക് തിരിച്ചെത്തുന്നു. കെ.എസ്.ആർ.ടി.സി.- കോർപ്പറേഷൻ തർക്കത്തിനൊടുവിലാണ് ചർച്ചകളിലൂടെ പരിഹാരം കണ്ടത്. ആദ്യഘട്ടമായി കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വി.വി.രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങും.
രാവിലേയും വൈകീട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിലൂടെ ഓടിക്കുക. നിലവിൽ കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗവും. ഹരിതനഗരം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് വാങ്ങിനൽകിയത്.
നഗരത്തിൽ പൊതുഗതാഗത സംവിധാനം കുറവായ ഇടറോഡുകളിലൂടെ ഓടാൻ സൗകര്യത്തിനാണ് ചെറിയ ബസുകൾ വാങ്ങിയതും. എന്നാൽ ഇത് നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപ്പറേഷൻ രംഗത്തെത്തിയത് മേയറും മന്ത്രിയും തമ്മിൽ വാഗ്വാദത്തിൽ എത്തിയിരുന്നു.
Content Highlights: KSRTC`s electric buses are back on Trivandrum`s inner roads after a dispute resolution. Services resume on 23 routes, aiming to reduce pollution and improve public transport.