വരുമാനം 60 ശതമാനവും ലോങ്ങ് റൂട്ടില്‍നിന്ന്; റോബിന്‍ വ്യവസ്ഥ നടപ്പായാല്‍ പൂട്ടേണ്ടിവരുമെന്ന് KSRTC

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ പഴുത് മുതലെടുത്ത് സ്വകാര്യബസുകള്‍ ദീര്‍ഘദൂര പാതകള്‍ കൈയടക്കിയാല്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് കെ.എസ്.ആര്‍.ടി.സി. വരുമാനത്തിന്റെ 60 ശതമാനവും ദീര്‍ഘദൂര ബസുകളില്‍നിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ഇവ സ്വന്തമാക്കാനാണ് സ്വകാര്യബസുകാര്‍ ശ്രമിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ഓടിക്കുന്ന ബസുകളുണ്ടാക്കുന്ന നഷ്ടം നികത്തുന്നത് ദീര്‍ഘദൂര ബസുകളുടെ വരുമാനത്തിലൂടെയാണ്.
റോബിന്‍ ബസ് ഓടിത്തുടങ്ങിയതും യാത്രക്കാരുള്ള സമയത്താണ്. ഈ പരീക്ഷണം വിജയിച്ചാല്‍ 250-ലധികം സ്വകാര്യബസുകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് നേടി നിരത്തിലിറങ്ങാന്‍ സജ്ജരായി നില്‍പ്പുണ്ട്. പരമാവധി യാത്രാദൂരം 140 കിലോമീറ്റര്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനകാരണം പെര്‍മിറ്റ് നഷ്ടമായ വടക്കന്‍ ജില്ലകളിലെ ചില സ്വകാര്യബസ് ഉടമകളും റോബിന്റെ മാതൃക പിന്തുടരാനുള്ള നീക്കത്തിലാണ്.
ഇതോടെ, റൂട്ട് പെര്‍മിറ്റ് വ്യവസ്ഥ തകരുമെന്നും സ്വകാര്യബസുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കുമെന്നും പോലീസ് ഇന്റലിജന്‍സ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥി, ഭിന്നശേഷി യാത്രാ ആനുകൂല്യങ്ങളൊന്നും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസിന് ബാധകമല്ല.
ശക്തമായ നിയമനടപടി വേണം
പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കും.
-വി.എസ്. ശിവകുമാര്‍, പ്രസിഡന്റ്, കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.).
പെര്‍മിറ്റ് ദുരുപയോഗം തടയണം
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ദുരുപയോഗം തടയണം. പൊതുഗതാഗത സംവിധാനത്തിന്റെ അന്ത്യം കുറിക്കുന്നതാണ് ഈ ക്രമീകരണം.
-ഹണി ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി, കെ.എസ്.ആര്‍.ടി. എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു.).
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെ തകര്‍ക്കാനുള്ള നീക്കം
റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളെ തകര്‍ക്കാനുള്ള നീക്കമാണിത്. പൊതുഗതാഗത സംവിധാനം പൂര്‍ണമായും തകരും.
- എം.ജി. രാഹുല്‍, കെ.എസ്.ആര്‍.ടി. എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി.)
Content Highlights: ksrtc against all india tourist permit, robin bus, kstrc long route service, Long route buses