ചാര്‍ജിങ് സ്‌റ്റേഷനുണ്ട് പക്ഷേ, ചാര്‍ജാകില്ല; ഇ-വാഹനങ്ങളില്‍ കെ.എസ്.ഇ.ബി. ഫാസ്റ്റ്ചാര്‍ജിങ് പാളി

പ്രതീകാത്മക ചിത്രം | Photo: facebook.com|mmmani.mundackal|
പ്രതീകാത്മക ചിത്രം | Photo: facebook.com|mmmani.mundackal|

പുതുതലമുറ ഇലക്ട്രിക് വാഹനങ്ങള്‍ കെ.എസ്.ഇ.ബി.യുടെ ചാര്‍ജിങ് സ്റ്റേഷനുകളെ ഒഴിവാക്കുന്നു. ചാര്‍ജിങ്ങിന് അനുയോജ്യ ഉപകരണമായ ഗണ്‍ ഇല്ലാത്തതാണ് തിരിച്ചടി. രണ്ട് ഉപകരണമുണ്ടായിട്ടും അതിലൊന്ന് പുതിയ കാറുകള്‍ക്ക് യോജിക്കാത്തവയാണ്. കെ.എസ്.ഇ.ബി.ക്ക് സംസ്ഥാനത്ത് 63 വേഗ ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. ഇവിടങ്ങളില്‍ കൂടുതലിടത്തും ഇതാണ് അവസ്ഥ. കെ.എസ്.ഇ.ബി.യുടെ റെന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്‌സിനാണ് (റീസ്) മേല്‍നോട്ടം.

കാസര്‍കോട് മാവുങ്കാലില്‍ രണ്ട് മെഷീനുകളുണ്ട്. ഇവയില്‍ ഒന്നില്‍ മാത്രമാണ് സി.സി.എസ്. (കമ്പൈന്‍ഡ് ചാര്‍ജിങ് സിസ്റ്റം) ഉള്ളത്. ഈ മെഷീനിലെ ഗണ്‍ പുതിയ വൈദ്യുതവാഹനങ്ങള്‍ക്ക് യോജിക്കും. രണ്ടാമത്തെ മെഷീനില്‍ ജി.ബി.ടി. സംവിധാനമാണ്.

ടാറ്റയുടെ കാറുകള്‍ ഉള്‍പ്പെടെ ഇതില്‍ ചാര്‍ജ് ചെയ്യാനാകില്ല. കണ്ണൂര്‍ ചൊവ്വയിലെ ചാര്‍ജിങ് സ്റ്റേഷനിലും ഇതാണ് അവസ്ഥ. ഒരു മെഷീനില്‍ മാത്രമേ കാര്‍ ചാര്‍ജ് ചെയ്യാന്‍ പറ്റൂ. അപ്പോള്‍ മറ്റു വാഹനങ്ങള്‍ ക്യൂവിലായിരിക്കും. മറ്റു സ്വകാര്യ ചാര്‍ജിങ് മെഷീനുകളെക്കാള്‍ കെ.എസ്.ഇ.ബി.യുടെ സ്റ്റേഷനുകളില്‍ ചാര്‍ജിങ് നിരക്ക് കുറവാണ്. യാത്രക്കാര്‍ക്ക് ഗുണവും ഇതാണ്. എന്നാല്‍ ഇതിന് സി.സി.എസ്. സംവിധാനത്തിലേക്ക് മാറണം.

റീസ് അധികൃതര്‍ പറയുന്നത്

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഏതൊക്കെ ചാര്‍ജിങ് സംവിധാനം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഉപകരണം സ്ഥാപിച്ചത്. അന്നത്തെ ഡിസൈന്‍ പ്രകാരമുള്ള ചില വണ്ടികള്‍ കേരളത്തില്‍ ഇപ്പോഴില്ല. സി.സി.എസിലേക്ക് മാറുന്നത് ഉള്‍പ്പെടെയുള്ള കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വീടുകളില്‍ ചാര്‍ജിങ് നടത്തുന്നതടക്കം കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്ന ഉപയോഗത്തിലേക്ക് ചാര്‍ജിങ് വന്നിട്ടില്ല.

തൂണിലും ചാര്‍ജിങ് കുറഞ്ഞു

വെദ്യുതത്തൂണുകളില്‍നിന്ന് വാഹനം ചാര്‍ജ് ചെയ്യാവുന്ന കെ.എസ്.ഇ.ബി.യുടെ പോള്‍ മൗണ്ട് ചാര്‍ജിങ് സ്റ്റേഷനും റോഡരികില്‍ നോക്കുകുത്തിയായി. കേരളത്തില്‍ 1165 എണ്ണമാണുള്ളത്. ഓട്ടോറിക്ഷകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പ്രധാനമായും ഇവിടെ ചാര്‍ജ് ചെയ്യാം. എന്നാല്‍ റോഡരികില്‍ സ്ഥലമില്ലാത്തതും മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഈ പദ്ധതിക്ക് വന്‍ തിരിച്ചടിയായി. ചാര്‍ജിങ് തൂണുകളില്‍ പ്രത്യേകം സ്ഥലം രേഖപ്പെടുത്താത്തതും വാഹനങ്ങളെ അകറ്റി.

ദേശീയപാതയില്‍ നിര്‍ബന്ധം

രാജ്യത്ത് നിലവില്‍ 28.70 ലക്ഷം ഇ-വാഹനങ്ങളുണ്ട്. കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ ഗൈഡ്ലൈന്‍ പ്രകാരം ദേശീയപാതയോട് ചേര്‍ന്ന് ഓരോ 25 കിലോമീറ്ററിലും ചുരുങ്ങിയത് ഒരു വേഗ ചാര്‍ജിങ് സ്റ്റേഷന്‍ വേണം. ബസ്, ട്രക്ക് എന്നിവയ്ക്ക് ഓരോ 100 കിലോമീറ്ററിലും. എന്നാല്‍ കേരളത്തില്‍ സ്ഥലപരിമിതിയാണ് പ്രധാന തടസ്സം. പ്രത്യേക സ്ഥലം കണ്ടെത്തി വേണം സ്റ്റേഷന്‍ സ്ഥാപിക്കാന്‍.

Content Highlights: KSEB fast charging facility, Charger is not fit for new generations vehicle, KSEB Charging System