മോട്ടോർവാഹന വകുപ്പിന് ഡീസലടിക്കാൻ പണമില്ല; വാഹനങ്ങൾ ഷെഡ്ഡിലായിട്ട് മൂന്നുമാസം

കോഴിക്കോട്: മോട്ടോർവാഹനവകുപ്പ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഡീസൽ വാഹനങ്ങൾ അനക്കമില്ലാതെയായിട്ട് മൂന്നുമാസത്തോളമാകുന്നു. വാഹനങ്ങൾക്ക് ഡീസലടിച്ചതിന്റെ കുടിശ്ശിക രണ്ടുലക്ഷത്തോളം രൂപ ബാക്കിവന്നതിനെത്തുടർന്ന് പമ്പുടമകൾ ഡീസൽ നൽകുന്നത് നിർത്തി.
അതോടെയാണ് ആർടിഒയുടെ വാഹനങ്ങളുൾപ്പെടെ അഞ്ച് വാഹനം നിർത്തിയിട്ടിരിക്കുന്നത്. മൂന്നുമാസത്തോളമായി വാഹനങ്ങൾ നിർത്തിയിട്ടിട്ട്. ഇതുകാരണം പരിശോധനയുടെ താളംതെറ്റിയിട്ടിട്ടുണ്ട്. പരിശോധനയ്ക്കുള്ള ഇന്റർസെപ്റ്റർ വാഹനങ്ങളും നിർത്തിയിട്ടവയിൽപ്പെടും. രണ്ടുവാഹനം ഗ്രൗണ്ടിലും ഇൻർസെപ്റ്റർ വാഹനങ്ങൾ ഓട്ടോമാറ്റിക്ക് ഹെവി വെഹിക്കിൾ ഫിറ്റ്‌നസ് ടെസ്റ്റിങ് സ്റ്റേഷനുള്ളിലും പൂട്ടിയിട്ടിരിക്കുകയാണ്.
അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുന്പോഴാണ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങൾ ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്നത്. നിലവിൽ ഒൻപത് വാഹനങ്ങളാണുള്ളത്. അതിൽ അഞ്ചെണ്ണം ഡീസലാണ്. ബാക്കിയുള്ള നാല് വാഹനം ഇലക്‌ട്രിക് വാഹനമാണ്. ഇലക്‌ട്രിക് വാഹനങ്ങളിലാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഇതിൽ ഒരുവാഹനം വടകര ഭാഗത്താണ് പരിശോധന നടത്തുന്നത്.
നഗരത്തിൽ മൂന്ന് വാഹനത്തിൽ ഏഴ് സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ സമയംതിരിച്ചാണ് നഗരത്തിൽ പരിശോധന. ആദ്യസ്ക്വാഡ് തിരിച്ചെത്തിയശേഷം വീണ്ടും ചാർജ് ചെയ്താണ് അടുത്ത സ്ക്വാഡ് പോകുന്നത്. വാഹനമില്ലാത്തതിനെത്തുടർന്ന് പ്രവർത്തനം അതിനനുസരിച്ച് മാറ്റിയിട്ടുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതർ പറയുന്നത്.
റോഡ് സേഫ്റ്റി അതോറിറ്റിയാണ് പണമനുവദിക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പണമുണ്ടായിട്ടും ചില സാങ്കേതിക കാരണങ്ങളാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിക്കുമ്പോൾ പറയുന്നതെന്നും അധികൃതർ പറയുന്നു. ഉടൻ അയക്കാമെന്നുപറയുന്നതല്ലാതെ ഫണ്ട് അയക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Content Highlights: Kozhikode Motor Vehicles Department vehicles grounded for 3 months due to pending diesel dues. Inspections disrupted. Learn more.