ഡ്രൈവിങ്ങിലെ ദുര്‍ഗുണങ്ങള്‍ പരിഹരിക്കാന്‍ എടപ്പാളിലേക്ക് പോകേണ്ട, മര്യാദ പഠിക്കാന്‍ ഒരുകേന്ദ്രം കൂടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ലൈസന്‍സ് നേടിയിട്ടാണ് ഡ്രൈവിങ് തുടങ്ങുന്നതെങ്കിലും വലിയ വിഭാഗത്തിനും ശരിയായ ഡ്രൈവിങ് വശമില്ല. റോഡുകള്‍ വാശിതീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍, ഇന്‍ഡിക്കേറ്റര്‍ എന്തിനാണെന്നു പിടികിട്ടാത്തവര്‍, രാത്രിയില്‍ ഡിംലൈറ്റ് എങ്ങനെ ഉപയോഗിക്കേണ്ടത് എന്നൊന്നും അറിയാത്തവര്‍. ഇത്തരക്കാരുണ്ടാക്കുന്ന അപകടങ്ങളും സാധാരണം.

അപകടങ്ങളെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കപ്പെടുമ്പോള്‍, അത് പുതുക്കിക്കിട്ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുണ്ട്. നിലവില്‍ എടപ്പാളുള്ള സ്ഥാപനത്തിലായിരുന്നു ക്ലാസ്. എന്നാല്‍ ഇനി മുതല്‍, റോഡിലെ 'മര്യാദ'ക്കാരെ കൊല്ലത്തുനിന്നു കാണാം.

ഡ്രൈവിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനുബന്ധ സ്ഥാപനം കൊല്ലത്ത് തയ്യാറായി. റോഡപകടങ്ങളില്‍ സഹായമേകുന്ന സന്നദ്ധസംഘടനയായ ട്രാക്കിന്റെ ആഭിമുഖ്യത്തിലാണ് കൊല്ലത്തെ പരിശീലനകേന്ദ്രം സജ്ജമാകുന്നത്.

50 അപേക്ഷകരാകുമ്പോള്‍, അഞ്ചുദിവസത്തെ ക്ലാസോടുകൂടി കൊല്ലം സെന്റര്‍ തുടങ്ങും. ജൂലായില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ട്രാക്കിന്റെ പ്രവര്‍ത്തനപരിചയവും അടിസ്ഥാനസൗകര്യങ്ങളും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ചത്. ട്രാക്ക് സെക്രട്ടറി എച്ച്. ഷാനവാസ്, വര്‍ക്കിങ് പ്രസിഡന്റ് ശരത്ചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ െഎഡിടിആര്‍ ജോയിന്റ് ഡയറക്ടര്‍ സെയ്ഫുദീന്‍ ട്രാക്ക് ട്രഷറര്‍ ഗോപന്‍ ലോജിക്കിന് രേഖകള്‍ കൈമാറി.

മോട്ടോര്‍ വെഹിക്കിള്‍ ലാബില്‍ വാഹനങ്ങളുടെ ഓരോ ഘടകവും എന്തിനാണ്, എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നെല്ലാം വ്യക്തമാക്കും. പലരും ഇവിടെ വരുമ്പോള്‍ ദുര്‍ഗുണപരിഹാരപാഠശാലയില്‍ എത്തിപ്പെട്ടപോലെയാണ്. എന്നാല്‍ തിരിച്ചുപോകുമ്പോള്‍, ഇതൊക്കെ നേരത്തേ അറിയേണ്ടതായിരുന്നെന്നാണ് പറയുന്നത്-കൊല്ലം സെന്ററിന്റെ നടത്തിപ്പിനായി പരിശീലനത്തിന് എടപ്പാളില്‍ പോയ അനുഭവത്തില്‍നിന്ന് ഷാനവാസ് പറഞ്ഞു.

Content Highlights: Kollam to Get New Driver Training Center: Addressing Road Safety Concerns