സമയത്തിന്റെ പേരിലുള്ള അടിപിടിയില്ല, റൂട്ടിലെ തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും, ബസുകളുടെ സമയം മാറ്റിയെഴുതുന്നു

#പി.ബി. ഷെഫീക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാക്കനാട്: ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാഞ്ഞടുക്കുന്ന സ്വകാര്യ ബസുകൾ. ആളെ പിടിക്കാൻ റോഡിൽ ബസുകളുടെ അപകടകരമായ മത്സരയോട്ടം. സ്റ്റോപ്പുകളിൽ സമയം തെറ്റിയെത്തുമ്പോൾ കണ്ടക്ടർമാരും ഡ്രൈവർമാരും തമ്മിലുണ്ടാകുന്ന കൈയാങ്കളിയും തർക്കങ്ങളും. കൊച്ചിയിലെ റോഡുകളിൽ ഈ പതിവുകാഴ്ചകൾക്ക് തിരശ്ശീല വീഴുന്നു. ജില്ലയിലെ സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്‌ക്കരിച്ച് റോഡിലെ പാച്ചിലിന് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്.

പുതിയ മാറ്റം

പഴയതുപോലെ എല്ലാ റൂട്ടുകൾക്കും ഒരേ 'റണ്ണിങ് ടൈം' എന്ന രീതി ഇനി നടപ്പില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക്, ദൂരം, തിരക്കുള്ള സമയങ്ങൾ, തിരക്കില്ലാത്ത സമയം എന്നിവ കൃത്യമായി പഠിച്ച ശേഷമായിരിക്കും ഇനി ഓരോ റൂട്ടിലെയും ബസ് സമയം നിശ്ചയിക്കുകയെന്ന് എറണാകുളം ആർ.ടി.ഒ. ടി.പി. യൂസഫ് പറഞ്ഞു. ഇതിന്റെ പ്രാഥമിക പഠനം ജി.പി. എസിന്റെ സഹായത്തോടെ മോട്ടോർ വാഹനവകുപ്പ് നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് ഓണേഴ്‌സിന് ആശങ്ക, പക്ഷേ...

ഒരു ട്രിപ്പ് കുറഞ്ഞാൽ വരുമാനം ഇടിയുമോ എന്ന ആശങ്ക ബസ്സുടമകൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, റണ്ണിങ് ടൈം പുനഃക്രമീകരിക്കുന്നത് വഴി യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് എം.വി.ഡി.യുടെ വിലയിരുത്തൽ. നിലവിൽ യാത്രചെയ്യുന്നവർ പുതിയ സമയക്രമത്തിലും ബസ് സേവനം ഉപയോഗപ്പെടുത്തും. എങ്കിലും സർവീസുകളുടെ എണ്ണത്തിലും ബസുകൾ തമ്മിലുള്ള ഇടവേളയിലുമുണ്ടാവുന്ന വ്യത്യാസം യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്ന കാര്യം ചർച്ചകളിൽ പരിശോധിക്കും.

ഡിസംബറിൽ 'റൂട്ട് മാപ്പ്'

ചർച്ചകൾ

ഗതാഗത കമ്മിഷണറുടെ അധ്യക്ഷതയിൽ ബസ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ പ്രാഥമിക ചർച്ചയിൽ പുതിയ നിർദേശങ്ങളോട് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഡിസംബർ ഒന്നുമുതൽ സെക്ടർ തിരിച്ചുള്ള വിശദമായ ചർച്ചകൾ ആരംഭിക്കും. ഒരു റൂട്ടിൽ സർവീസ് നടത്തുന്ന പ്രധാന ബസുകൾ മാത്രമല്ല, മറ്റ് വഴികളിൽനിന്നുവന്ന് ഈ റൂട്ടിലേക്ക് പ്രവേശിക്കുന്ന ബസുകളെയും ചർച്ചയിൽ ഉൾപ്പെടുത്തും. ബസ്സുടമകൾ, തൊഴിലാളികൾ, യാത്രാപ്രതിനിധികൾ എന്നിവരുടെ അഭിപ്രായങ്ങൾ സമാഹരിച്ച ശേഷമായിരിക്കും അന്തിമ ടൈം ടേബിൾ തയ്യാറാക്കുക.

ലക്ഷ്യം കൊച്ചി; പിന്നീട് ഗ്രാമങ്ങളിലേക്ക്

ജില്ലയിൽ ആകെ ഓടുന്ന 1,080 സ്വകാര്യ ബസുകളിൽ 460-ഓളവും കൊച്ചി നഗരപരിധിയിലാണ്. ഒന്നാം ഘട്ടത്തിൽ കൊച്ചി സിറ്റിയിലെ ബസുകളിലാണ് പരിഷ്‌ക്കാരം കൊണ്ടുവരുന്നത്. കൊച്ചിയിലെ പരീക്ഷണം വിജയകരമായാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും.

Content Highlights: Motor Vehicles Department (MVD) is restructuring private bus timings in Kochi., Running time will be adjusted based on traffic, distance, and peak hours rather than a uniform schedule., GPS data was used for preliminary studies., Detailed sector-wise discussions with bus owners and stakeholders begin in December., The new system will first be implemented in Kochi city and later expanded to rural areas.