നടപടിയെടുക്കാന്‍ മാര്‍ഗമില്ല, കുട്ടികളുടെ ഇലക്ട്രിക് സ്‌കൂട്ടറിലെ അഭ്യാസം ഉപദേശിച്ച് നന്നാക്കാനൊരുങ്ങി എംവിഡി

ആലപ്പുഴ: ഇലക്ട്രിക് സ്‌കൂട്ടറുകളിലെ കറക്കവും അഭ്യാസവും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുകയും അപകടസാധ്യത വര്‍ധിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ബാധവത്കരണത്തിനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി.). രജിസ്‌ട്രേഷനും ലൈസന്‍സും വേണ്ടാത്ത സ്‌കൂട്ടറില്‍ സ്‌കൂളില്‍ പോകുന്ന ഒട്ടേറെ കുട്ടികളുണ്ട്.
ഡ്രൈവിങ്ങില്‍ പക്വതയെത്താത്ത പ്രായത്തില്‍ ഹെല്‍മെല്‍റ്റു ധരിക്കാതെയാണ് പലരുടെയും യാത്ര. ഒരാള്‍ക്കുള്ള വാഹനത്തില്‍ പലപ്പോഴും രണ്ടുംമൂന്നും പേരുണ്ടാകും. ഇത്തരം യാത്രയ്‌ക്കെതിരേ എംവിഡിക്ക് നിയമനടപടിയെടുക്കാനാകില്ല. അതിനാല്‍ സ്‌കൂള്‍തല ബോധവത്കരണം നടത്താനാണു തീരുമാനം.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന റോഡ് സുരക്ഷാ യോഗത്തില്‍ കുട്ടികളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്ര സംബന്ധിച്ച് ഒട്ടേറെ പരാതി ഉയര്‍ന്നു. രക്ഷിതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മോട്ടോര്‍ കപ്പാസിറ്റി 250 വാട്‌സില്‍ താഴെയുള്ളതും പരമാവധി 25 കിലോമീറ്റര്‍ വേഗശേഷിയുള്ളതുമായ ഇലക്ട്രിക് സ്‌കൂട്ടറിന് ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ടാ. എന്നാല്‍, കപ്പാസിറ്റി 250 വാട്‌സിനു മുകളിലുള്ളതും വലിയ വേഗം കൈവരിക്കാന്‍ കഴിയുന്നതുമായ സ്‌കൂട്ടറുകള്‍ ധാരാളമായി നിരത്തിലിറങ്ങുന്നു. ഇവയ്ക്കു രജിസ്‌ട്രേഷനും മറ്റും ആവശ്യമാണ്.
18 വയസ്സിനു താഴെയുള്ളവര്‍ ശേഷികൂടിയ വാഹനങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിനൊപ്പം ബോധവത്കരണം കൂടി നടത്താനാണ് ലക്ഷ്യമിടുന്നത്.
Content Highlights: MVD launches awareness campaigns on risky electric scooter stunts by school kids. Learn about safety and regulations for minors using electric scooters.