കേരളംവിട്ട ബസുകൾ തിരിച്ചെത്തുന്നു, 2.40 ലക്ഷം രൂപ ടാക്‌സ് ലാഭം; ടൂറിസ്റ്റ് ബസ് രജിസ്‌ട്രേഷനിൽ വർധന

ചേർത്തല: സ്ലീപ്പർ, ടൂറിസ്റ്റ് ബസ് നികുതിയിൽ ഇളവു വരുത്തിയതിനാൽ സംസ്ഥാനത്ത് ടൂറിസ്റ്റ്ബസുകളുടെ രജിസ്‌ട്രേഷനിൽ വർധന. ഉയർന്ന നികുതി കാരണം മുൻപ് ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന രീതിക്കാണു മാറ്റമുണ്ടായത്. ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് 59 ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസാണ് രജിസ്റ്റർ ചെയ്തത്.
നിലവിൽ കേരളത്തിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്ന 193 ബസുകളിൽ പകുതിയിലധികവും മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. നാഗാലാൻഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഇവ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യു.ഡി.എഫ്. സർക്കാരിന്റെ ബജറ്റിൽ ബസ് നികുതിയിൽ 50 ശതമാനംവരെയാണു കുറവു വരുത്തിയത്. അതുപ്രകാരം സീറ്റൊന്നിനു മൂന്നുമാസം കൂടുമ്പോൾ 3,000 രൂപ 1,500 ആയി കുറഞ്ഞു. 40 സീറ്റുള്ള ബസിന് 1,20,000 രൂപയുണ്ടായിരുന്നത് 60,000 ആയും കുറഞ്ഞു. വർഷത്തിൽ 2,40,000 രൂപയുടെ കുറവ്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് മൂന്നുമാസത്തേക്കു 90,000 രൂപയാണു നികുതി. ഇതിൽ ഇളവില്ല.
പുതുതായി ഓരോ ബസ് രജിസ്റ്റർ ചെയ്യുമ്പോഴും ഇപ്പോൾ ആറുലക്ഷം രൂപ നികുതിയിനത്തിൽ സർക്കാരിനു കിട്ടും. കുറച്ചുകാലമായി തീരെ കിട്ടാതിരുന്ന വരുമാനമാണ് നികുതിയിളവിലൂടെ കൈവന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പുതിയ ബസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആലപ്പുഴയിൽമാത്രം ഒരുമാസത്തിനിടെ എട്ടു പുതിയ സ്ലീപ്പർ ടൂറിസ്റ്റ്ബസാണ് രജിസ്റ്റർചെയ്തത്. മറ്റു സംസ്ഥാനങ്ങളിലെ ബസ്സുടമകൾപോലും കേരളത്തിൽ രജിസ്റ്റർചെയ്യാൻ നീക്കമുണ്ടെന്ന് ചേർത്തലയിലെ വൺനെസ് ട്രാവൽസ് ഉടമ ആൽവിൻദാസ് പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകൾ കേരളത്തിലേക്കു മാറ്റുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ട് രണ്ടു ബസുകൾ ഇത്തരത്തിൽ മാറ്റി. കൊല്ലത്തും തൃശ്ശൂരിലും ഇതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത തന്റെ 10 ബസുകളും കേരളത്തിലേക്കു മാറ്റുമെന്നും ആൽവിൻദാസ് പറഞ്ഞു.
Content Highlights: Tourist bus tax in Kerala reduced by up to 50 percent., 59 new All India Tourist Permit buses registered in 1.5 months., Operators saving Rs 2.40 lakh annually per bus in taxes., Buses previously registered in other states like Nagaland and Karnataka are moving back to Kerala.