RTO ഇല്ലാതെ പ്രവർത്തിക്കുന്നത് 10 എംവിഡി ഓഫീസുകൾ; ലൈസൻസ് വൈകുന്നു, വാഹന ഇടപാടുകൾ താളംതെറ്റി

#Auto Desk
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

ആലപ്പുഴ: സംസ്ഥാനത്ത് ആലപ്പുഴയുൾപ്പെടെ 10 ഓഫീസുകളിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ(ആർ.ടി.ഒ.)മാരില്ല. മാസങ്ങളായി ഈ തസ്തികയിൽ നിയമനമില്ലാത്തത് മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി.

10 ആർ.ടി.ഒ.മാരാണ് ഈ വർഷം വിരമിച്ചത്. ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കൗൺസിൽ ചേർന്നാലേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനു നടപടിയുണ്ടാകൂ. മാസങ്ങളായിട്ടും പ്രമോഷൻ കൗൺസിൽ ചേരുന്നില്ല.

പലയിടത്തും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.മാർക്കാണ് പകരം ചുമതല. ഇതിനാൽ എൻഫോഴ്‌സ്‌മെന്റ്, ഓഫീസ് പ്രവർത്തനം ഒന്നിച്ചു കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്.

ആർ.ടി.ഒ. ഇല്ലാത്ത ഓഫീസുകളിൽ പകരം മറ്റ് ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതലയുണ്ടെങ്കിലും എല്ലാ സേവനവും നൽകാൻ ഇവർക്കു സാധിക്കുന്നില്ല. ഇതിനാൽ ഉദ്യോഗസ്ഥർക്കൊപ്പം വാഹന ഇടപാടുകാരും ബുദ്ധിമുട്ടുകയാണ്.

2025 ഡിസംബറിൽ ഡിപ്പാർട്ട്‌മെന്റ് പ്രമോഷൻ കൗൺസിൽ ചേരേണ്ടതായിരുന്നെങ്കിലും നടന്നില്ല. നിശ്ചിത കാലയളവിൽ ഡി.പി.സി. ചേരാത്തതിനാൽ സ്ഥാനക്കയറ്റംകിട്ടാതെ വിരമിക്കേണ്ട സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. പ്രശ്‌നപരിഹാരത്തിനായി ഉദ്യോഗസ്ഥർ ഉന്നതാധികാരികളെയും വകുപ്പുമന്ത്രിയെയും കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല.

ജോയിന്റ് ആർ.ടി.ഒ. ഒഴിവുകളിലും നിയമനത്തിനു നടപടിയില്ല. ഉദ്യോഗസ്ഥരില്ലാത്തതിനാൽ ലേണേഴ്‌സ്, ഡ്രൈവിങ് പരീക്ഷകൾക്ക് പല ഓഫീസുകളിലും നാലുമാസം വരെ കാലതാമസമുണ്ടാകുന്നുണ്ട്.

Content Highlights: 10 RTO positions vacant across Kerala offices in 2026., Failure to conduct the Department Promotion Council (DPC) since December 2025., Enforcement RTOs are overburdened with dual administrative responsibilities., Driving tests and learner's license issuance delayed by up to 4 months., Urgent intervention needed to address staff shortages and promotion delays.