സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

#ടി.ആര്‍. പവിത്ര
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്‌നൽ, സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിലെ പ്രിയദർശിനി ബസുകളുടെ എണ്ണം എന്നിവ കണക്കാക്കിയാകും പുതിയ 'റണ്ണിങ് ടൈം' നൽകുക. ബസുകളിലെ ജി.പി.എസ്. സംവിധാനത്തിലെ വിവരമാണ് ഇതിന് അടിസ്ഥാനമാക്കുക.

ഒരു റൂട്ടിൽ ശരാശരി എത്രസമയമെടുക്കുമെന്നും എത്രനേരം ഗതാഗതക്കുരുക്കിലും സിഗ്‌നലിലും കിടന്നുവെന്നും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഒരേ റൂട്ടിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓടുന്നുണ്ടെങ്കിൽ കണ്ടെത്തി റൂട്ടുമാറ്റിവിടുന്നതും പരിഗണിക്കും.

സ്വകാര്യ ബസ്സുടമാ പ്രതിനിധികളുമായി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് ധാരണയായത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ചർച്ച പൂർത്തിയായി.

ഇപ്പോൾ വിവിധ നഗരങ്ങളിൽ സ്വകാര്യബസുകൾക്ക് ഒരുകിലോമീറ്റർ ഓടിയെത്താൻ വ്യത്യസ്ത സമയമാണ് അനുവദിച്ചിട്ടുള്ളത്.

കോഴിക്കോട് നഗരത്തിൽ സിറ്റിബസുകൾക്ക് ഒരുകിലോമീറ്റർ പിന്നിടാൻ മൂന്നുമിനിറ്റാണ് നൽകിയിട്ടുള്ളത്. നഗരത്തിന് പുറത്താണെങ്കിൽ രണ്ടര മിനിറ്റും. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലപ്പോഴും ഈ സമയക്രമം പാലിക്കാനാകില്ല.

ഇതാണ് മരണപ്പാച്ചിലിനും അപകടങ്ങൾക്കും വഴിവെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സമയക്രമം ശാസ്ത്രീയമായി പുനർനിർണയിക്കാൻ മന്ത്രി സി.പി. ജോൺ നിർദേശിച്ചിരുന്നു.

ചർച്ച പുരോഗമിക്കുന്നു

എല്ലാ ജില്ലയിലും ബസ്സുടമകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച പുരോഗമിക്കുകയാണ്. സമയമെടുത്ത് നടപ്പാക്കേണ്ട കാര്യമാണിത്

(കെ.കെ. തോമസ്, സംസ്ഥാന പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.)

Content Highlights: Motor Vehicles Department to use GPS data for revising private bus schedules, Running time will be calculated based on traffic congestion, signals, and delays at stops, Aim is to curb reckless driving and accidents caused by unrealistic time schedules, Discussions with private bus owners already completed in Ernakulam, Kozhikode, Kannur, and Pathanamthitta districts