'ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർധം മതി എല്ലാം അവസാനിക്കാൻ'- ജാഗ്രതാനിർദേശവുമായി കേരള പോലീസ്

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. നവദമ്പതിമാരടക്കം നാലുപേരാണ് അപകടത്തിൽ മരിച്ചത്. അപകടകാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പ്രാഥമിക നിഗമനം. ഇതിന്റെ പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ ഡ്രൈവിങ് ചെയ്യുമ്പോൾ ജാഗ്രതപാലിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണ് കേരള പോലീസ്.
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിർത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.- കേരള പോലീസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം.
ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം.
ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണം.
നവദമ്പതിമാരടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് നേരത്തേ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. സംഭവം വളരെ ദുഃഖകരമായിപ്പോയെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. അപകടത്തിൽ കാര്‍ യാത്രക്കാരായ കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, ഭാര്യ അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നവംബര്‍ 30-നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയില്‍ ഹണിമൂണിന് പോയി തിരികെയെത്തിയ ഇരുവരെയും വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
Content Highlights: kerala police instructions night driving pathanamthitta accident