വാഹന കൈമാറ്റം സോഫ്റ്റ്‌വെയർ ഏറ്റെടുത്തു; ഇനി ഉദ്യോഗസ്ഥരുടെ ഇടപെടലില്ല, നടപടിക്രമം ഇങ്ങനെ

#ബി. അജിത്‌രാജ്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: മോട്ടോർവാഹനവകുപ്പിനെ ഏറെ പഴികേൾപ്പിച്ച വാഹന ഉടമസ്ഥാവകാശം പൂർണമായും വാഹൻ സോഫ്റ്റ്‌വെയർ നിയന്ത്രണത്തിലേക്ക്. ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതെ ഉടമസ്ഥാവകാശം മാറ്റാം. അപേക്ഷകൾ സോഫ്റ്റ്‌വെയർ തീർപ്പാക്കുന്ന (ഓട്ടോ ആപ്രൂവ്ഡ്) സംവിധാനത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോൾ ആധാർ അധിഷ്ഠിത അപേക്ഷകളിലും ഉദ്യോഗസ്ഥരാണ് തീരുമാനം എടുത്തിരുന്നത്. അത് ഒഴിവാക്കി പകരം സോഫ്റ്റ്‌വെയറിന് ചുമതല കൈമാറി. വാഹന രേഖകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഈ സേവനം ലഭ്യമാകുക.

വാഹന രേഖകളിലെ ഉടമയുടെ പേരും ആധാറിലെ പേരും തമ്മിൽ വ്യത്യാസമുള്ളവർ ഇ.കെ.വൈ.സി ചെയ്യണം. മൊബൈൽ നമ്പർ കൂട്ടിച്ചേർക്കാത്തവർക്കും ഇ.കെ.വൈ.സി വഴി ആധാറും വാഹന രേഖകളുമായി ബന്ധിപ്പിക്കാനാകും. ഇതിനായി പ്രത്യേക സംവിധാനം സോഫ്റ്റ്‌വെയറിൽ ഒരുക്കിയിട്ടുണ്ട്. ആർ.സി, ആധാർ എന്നിവയുടെ പകർപ്പ് അപ്ലോഡ് ചെയ്യണം. രണ്ട് രേഖകളും ഒത്തുനോക്കി ഉദ്യോഗസ്ഥർ ഇ.കെ.വൈ.സി അനുവദിക്കും. 24 മണിക്കൂറിനുള്ളിൽ ഇത്തരം അപേക്ഷകളിൽ തീർപ്പ് കൽപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷയാണ് . അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല.

ഒരിക്കൽ ഇ.കെ.വൈ.സി അംഗീകരിച്ച് കഴിഞ്ഞാൽ പിന്നീടുള്ള സേവനങ്ങൾക്ക് ഓഫീസിൽ പോകേണ്ടതില്ല. ഉദ്യോഗസ്ഥ ഇടപെടൽ ഒഴിവാക്കുന്നതോടെ പരാതികൾ പൂർണമായും ഒഴിവാകും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനോ മാറ്റിവയ്ക്കാനോ കഴിയില്ല. കൈക്കൂലിക്കും ക്രമക്കേടിനുമുള്ള സാധ്യത പൂർണമായും ഇല്ലാതാകും. ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതാകും.

60 സേവനങ്ങൾ 21 മുതൽ ആധാർ അധിഷ്ഠിതമായിട്ടുണ്ട്. ഉടമയ്ക്ക് ഓൺലൈനിൽ അപേക്ഷ നൽകാം. ആധാർ ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽഫോൺ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേർഡാണ് സുരക്ഷാ ക്രമീകരണം. പാസ്വേർഡ് നൽകി അപേക്ഷ പൂർത്തീകരിക്കണം. ഉടമസ്ഥാവകാശ കൈമാറ്റത്തിന് പുറമേ മറ്റ് അപേക്ഷകളും ഭാവിയിൽ ഓട്ടോ അപ്രൂവ്ഡ് സംവിധാനത്തിലേക്ക് നീങ്ങും.

Content Highlights: Vehicle ownership transfer moves to complete Vahan software control without official intervention., First phase applies to users who have linked vehicle documents with Aadhaar., e-KYC facility available for users with mismatched names or unlinked mobile numbers., Eliminates bribery, delays, middlemen, and the need for physical office visits.