GPS ബന്ധിപ്പിക്കാത്ത 52,201 വാഹനങ്ങൾ നിരത്തിൽ, മോട്ടോർവാഹനവകുപ്പിന് ഗുരുതര വീഴ്ച

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

തിരുവനന്തപുരം: കൊട്ടാരക്കരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പറിനെപ്പോലെ ജി.പി.എസ്. (വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്) ബന്ധിപ്പിക്കാത്ത 52,021 വാഹനം നിരത്തിലിറങ്ങാൻ മോട്ടോർവാഹനവകുപ്പ് അനുമതി നൽകി. ഫിറ്റ്‌നസ് പരിശോധിക്കുന്നതിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വരുത്തിയ ഗുരുതരപിഴവാണ് കാരണം. കൈക്കൂലി വാങ്ങി ജി.പി.എസ്. ഒഴിവാക്കിയതാണെന്ന് ആക്ഷേപമുണ്ട്.

കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട ടിപ്പറിന് ഫിറ്റ്നസ് നൽകിയ കരുനാഗപ്പള്ളി ഓഫീസിലെ രണ്ട് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ക്രമക്കേട് സംസ്ഥാനവ്യാപകമാണെന്ന് വെളിപ്പെട്ടതോടെ വകുപ്പ് വെട്ടിലാണ്. ‌ട്രാൻസ്പോർട്ട്, കോൺട്രാക്ട്‌, ചരക്ക് വാഹനങ്ങളിലെ ജി.പി.എസ്., മോട്ടോർവാഹനവകുപ്പിന്റെ സുരക്ഷാമിത്ര സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കണമെന്നാണ് വ്യവസ്ഥ.
ഉപകരണം ഘടിപ്പിച്ചാൽമാത്രമേ വാഹനത്തിന്റെ യാത്രാവിവരം മോട്ടോർവാഹനവകുപ്പ് കൺട്രോൾറൂമിൽ ലഭിക്കൂ. അതിവേഗം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അധികൃതർക്ക് നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. ഒഴിവാക്കാൻ വാഹന ഉടമകളും ഡ്രൈവർമാരും ശ്രമിക്കാറുണ്ട്. സ്‌കൂൾസമയത്തുള്ള വിലക്ക് മറികടക്കുന്നത് ഒളിപ്പിക്കാനും ടിപ്പറുകൾ ജി.പി.എസ്. ഒഴിവാക്കുന്നുണ്ട്.

എറണാകുളം (2570), മൂവാറ്റുപുഴ (2501), പെരുമ്പാവൂർ (1834), തിരുവനന്തപുരം (1596) ഓഫീസുകളിലാണ് കൂടുതൽ വാഹനങ്ങൾക്ക് ജി.പി.എസ്. ഒഴിവാക്കിയിട്ടുള്ളത്. മറ്റ് ഓഫീസുകളിൽ 300-നും 500-നും ഇടയ്ക്ക് വാഹനങ്ങളിൽ ജി.പി.എസ്. വേർപെടുത്തിയിട്ടുണ്ട്.

സോഫ്റ്റ്‌വേറിന്റെ സാങ്കേതികത്തകരാർ കാരണം ഉപകരണം ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇത്തരം സംഭവങ്ങളിൽ ഫിറ്റ്‌നസ് നൽകിയാലും പിന്നീട് ടാഗ് ചെയ്യാൻ കഴിയും. വാഹന ഉടമയെ ഫോണിൽ ബന്ധപ്പെട്ട് ജി.പി.എസ്. ടാഗ് ചെയ്യിക്കാം.

Content Highlights: In a shocking revelation following the fatal Kottarakkara tipper accident, the Kerala Motor Vehicles Department (MVD) is under fire for corruptly issuing fitness certificates to 52,021 commercial vehicles without linking them to the mandatory GPS tracking system.