ഹൈക്കോടതി ഇടപെട്ടു, മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് കനത്ത പിഴ; ശക്തമായ നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ നടപടികൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണർ നിർദേശം നൽകി. അനധികൃത രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഹനങ്ങളിൽ കാണുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴ ചുമത്തണം. ഇതിനായി പരിശോധനകൾ കാര്യക്ഷമമാക്കണം. അനധികൃതമായി വെച്ചുപിടിപ്പിച്ചിട്ടുള്ള സാധനങ്ങളെല്ലാം നീക്കം ചെയ്തശേഷം ഇവ പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെടണം.
റീലുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കാനായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരേയും നടപടികൾ സ്വീകരിക്കണം. മൂന്ന് മാസത്തിനിടെ ഇത്തരം നിയമലംഘനങ്ങൾക്കെതിരേ എൻഫോഴ്സ്മെന്റ് വിഭാഗം കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങൾ ശേഖരിക്കണം.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെപ്റ്റംബർ മൂന്നിനുമുമ്പ് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ശക്തിയേറിയ പ്രകാശമുള്ള ലൈറ്റുകൾ, വീലുകൾ, മറ്റ് വസ്തുക്കൾ എന്നിവയ്ക്കെതിരേ വരുംദിവസങ്ങളിൽ നടപടികളുണ്ടാകും.
Content Highlights: Motor Vehicle Department to strictly penalize illegal vehicle modifications in Kerala., Action based on strict Kerala High Court directives., Vehicles modified for social media reels and videos will also face penalties., Inspection reports on enforcement actions over the last three months due by September 3.