ആറുവരി പാതയിൽ തോന്നിയപോലെയുള്ള ഡ്രൈവിങ് വേണ്ട; റോഡിൽ 24 മണിക്കൂറും ഇനി എംവിഡിയുടെ സ്ക്വാഡ് ഉണ്ടാകും

തിരൂരങ്ങാടി: ആറുവരിപ്പാതയിൽ തോന്നിയതുപോലെ വാഹനമോടിക്കുന്നവർക്ക് ഇനി പിടിവീഴും. ജില്ലയിൽ മോട്ടോർവാഹന വകുപ്പ് ആറുവരിപ്പാതയിൽ 24 മണിക്കൂറും പരിശോധന ആരംഭിച്ചു. പുതിയ പാതയിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിലെ നിയമലംഘനങ്ങൾ തടയാനുമാണ് പരിശോധന. ഒരു എം.വി.ഐ.യും രണ്ട് എ.എം.വി.ഐ.മാരും ഉൾപ്പെടുന്ന മൂന്ന് സ്ക്വാഡുകളായാണ് രാമനാട്ടുകര മുതൽ പൊന്നാനി കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയത്.
ആറുവരിപ്പാതയിലെ എക്സിറ്റ്-എൻട്രി ഭാഗങ്ങളിലൂടെ തെറ്റായ രീതിയിലുള്ള പ്രവേശനം, ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുക, തെറ്റായ ലെയ്ൻ ട്രാഫിക്, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
എക്സിറ്റിലൂടെ ആറുവരിപ്പാതയിലേക്ക് പ്രവേശിച്ച ഏഴ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. പിഴ ചുമത്താനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള ശുപാർശ നൽകി.
ആറുവരിപ്പാതയിൽ വാഹനം കേടാകുന്നവർക്കും മറ്റ് അടിയന്തര സാഹചര്യങ്ങളിൽപ്പെടുന്ന യാത്രക്കാർക്കും സേവനങ്ങളുമായി മോട്ടോർവാഹന വകുപ്പ് ദേശീയപാതയിൽ ഉണ്ടാകും. എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
Content Highlights: Kerala Motor Vehicles Department introduces 24/7 squads on the six-lane highway., Inspection covers Ramanattukara to Ponnani Kappirikad to prevent accidents., Strict actions including fines and license suspension for wrong-way entry, illegal parking, and lane violations., Emergency assistance provided for stranded vehicles on the highway.