ഇ-ലേലം ഏറ്റില്ല, വാങ്ങാന്‍ ആളുണ്ടോ? ഇന്നോവയും ഥാറും അടക്കം പിടിച്ച വണ്ടികളുടെ പൊതുലേലത്തിന് എക്‌സൈസ്

#ആര്‍. അജേഷ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കുറവായതോടെ വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലത്തിനൊപ്പം പൊതുലേലവും നടത്താനൊരുങ്ങി എക്‌സൈസ് വകുപ്പ്. കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ (എംഎസ്ടിസി) വഴി ഇ-ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തില്‍ വെക്കുക. വാഹനങ്ങള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് നടപടി.

ജനുവരിയിലെ കണക്കുപ്രകാരം അബ്കാരി കേസുകളിലെ 5,115 വാഹനങ്ങളും നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകളിലെ 3,247 വാഹനങ്ങളുമാണ് ഒഴിവാക്കാനുള്ളത്. ഇതില്‍ എംഎസ്ടിസി വഴി രണ്ടുതവണ ലേലംനടത്തിയിട്ടും പോകാത്ത, അബ്കാരിക്കേസുകളിലെ 904 വാഹനങ്ങളും എന്‍ഡിപിഎസ് കേസുകളിലെ 477 വാഹനങ്ങളുമാണ് ആദ്യഘട്ടത്തില്‍ പൊതുലേലത്തില്‍ വെക്കുക. ഓഗസ്റ്റ് 11 മുതല്‍ 21 വരെ ഓരോ ജില്ലയിലും പൊതുലേലം നടത്തും.

കേന്ദ്രസര്‍ക്കാര്‍ വെബ്സൈറ്റായ എംഎസ്ടിസി വഴി നടത്തിയിരുന്ന ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസായി 10,000 രൂപയും ജിഎസ്ടിയും നല്‍കണം. ഇതുമൂലം ലേലത്തില്‍ സാധാരണക്കാര്‍ പങ്കെടുക്കുന്നത് കുറവാണ്. ബ്രോക്കര്‍മാരും ഏജന്റുമാരുമാണ് കൂടുതലും ഇ-ലേലത്തില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍, വാഹനങ്ങള്‍ക്ക് വിപണിവില ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. 

കേസുകളില്‍ പിടിച്ച വാഹനങ്ങളായതിനാല്‍ മറ്റ് ലേലങ്ങളെ അപേക്ഷിച്ച് ആളുകള്‍ പങ്കെടുക്കുന്നതിലും കുറവുണ്ട്. അതത് എക്‌സൈസ് കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തിലാവും പൊതുലേലം. ലേലത്തിന് 15 ദിവസംമുമ്പ് വകുപ്പിന്റെ വെബ്‌സൈറ്റിലും എക്‌സൈസ്-വില്ലേജ്-പിഡബ്‌ള്യുഡി ഓഫീസുകളിലും കളക്ടറേറ്റിലും നോട്ടീസ് പതിക്കും. മൂന്ന് പത്രത്തിലെങ്കിലും പരസ്യവും നല്‍കണം.

Content Highlights: Excise department to hold public auctions for seized vehicles in Kerala due to low online bids