കേരളത്തിൽ ഏഴ് പുതിയ വാഹനങ്ങൾ ഇറങ്ങുന്നതിൽ ഒന്ന് ഇലക്ട്രിക്; ഇ.വി. സ്‌റ്റേറ്റ് ആകാൻ കേരളം, മത്സരം യു.പിയോട്

#ഷിഹാബുദ്ദീന്‍ കാളികാവ്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കാളികാവ്: കേരളത്തിൽ രജിസ്റ്റർചെയ്യുന്ന വാഹനങ്ങളിൽ ഏഴിലൊന്ന് വൈദ്യുതവാഹനങ്ങൾ. ഈ വർഷം സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ രണ്ടു ശതമാനം വർധനയുണ്ട് വൈദ്യുത വാഹനങ്ങളുടെ തോതിൽ. ഈ വർഷം സെപ്റ്റംബർ വരെ 1,18,238 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ഇക്കാലയളവിൽ ആകെ വാഹന രജിസ്‌ട്രേഷൻ 8.39 ലക്ഷമാണ്. ഇതിൽ 87,019 എണ്ണം ഇരുചക്ര വാഹനങ്ങളാണ്. 20,027 ഇലക്ട്രിക് കാറുകളും 9,261 ഓട്ടോറിക്ഷകളും രജിസ്റ്റർ ചെയ്തു. 2025-ൽ ആകെ വാഹന രജിസ്‌ട്രേഷനിൽ ഇലക്ട്രിക് വാഹനങ്ങൾ 12.06 ശതമാനമായിരുന്നു.

ഇന്ധനച്ചെലവിലെ കുറവിനുപുറമേ എൻജിൻഓയിൽ മാറ്റം ഉൾപ്പെടെയുള്ള പതിവ് അറ്റകുറ്റപ്പണികൾ കുറവാണെന്നതും വൈദ്യുതവാഹനങ്ങളുടെ നേട്ടമാണ്. ബാറ്ററി സാങ്കേതികവിദ്യയിലെ പുരോഗതിയും കൂടുതൽ ദൂരം സഞ്ചരിക്കാവുന്ന പുതിയ മോഡലുകളുടെ വരവും ഇലക്ട്രിക് വാഹനവിപണിക്ക് കരുത്തേകുന്നു.

നഗരയാത്രകൾക്ക് ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂടുതൽ പ്രായോഗികമാകുന്നതും ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഉയരാൻ കാരണമാണ്. കേന്ദ്രസർക്കാരിന്റെ പി.എം. ഇ-ഡ്രൈവ് പദ്ധതിയും ഈ മേഖലയ്ക്ക് പിന്തുണ നൽകുന്നുണ്ട്. 11,900 കോടി രൂപയുടെ പദ്ധതിയിൽ ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്കൊപ്പം ചാർജിങ് കേന്ദ്രങ്ങളുടെ വികസനത്തിനും സഹായം നൽകുന്നുണ്ട്.

രാജ്യത്തെ ആകെ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനിൽ ഉത്തർപ്രദേശാണ് മുന്നിൽ. 2026 ഒക്ടോബർ വരെയുള്ള 12 മാസത്തെ കണക്കനുസരിച്ച് കേരളത്തിൽ പുതിയ വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 13.8 ശതമാനമാണ്. ദേശീയ ശരാശരി 10.7 ശതമാനവും.

അതേസമയം, ദീർഘദൂര യാത്രകൾക്ക് ആവശ്യമായ ചാർജിങ് സൗകര്യങ്ങളുടെ അപര്യാപ്തതയും ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള ഉയർന്ന ചെലവും ഈ മേഖലയിലെ വെല്ലുവിളികളാണ്.

Content Highlights: One in every seven vehicles registered in Kerala is electric., Over 1.18 lakh EVs registered up to September, showing a 2% increase from the previous year., Two-wheelers and electric cars lead the adoption rates, supported by the PM E-Drive scheme., Kerala's EV share of 13.8% surpasses the national average of 10.7%.