ടൂറിസം കേന്ദ്രം മുതല്‍ പാതയോരങ്ങള്‍ വരെ; ഒരുങ്ങുന്നത് 1000 ഇ.വി. ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

കര്‍ണാടകയില്‍ രണ്ടുമാസത്തിനുള്ളില്‍ 1000 വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ പദ്ധതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ദേശീയ-സംസ്ഥാന പാതകള്‍, ചെറുനഗരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇതിനായി സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തും.
വൈദ്യുതവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈദ്യുതിവകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ അറിയിച്ചു. ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതിനാല്‍ നിലവില്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരുവില്‍ വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ ഇപ്പോഴും ഇത്തരം വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്.
വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടങ്ങളില്‍ പ്രചാരണപരിപാടികളും സംഘടിപ്പിക്കും. സ്വകാര്യ സംരംഭകര്‍ക്കും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പ്രോത്സാഹനം നല്‍കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.
ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി ലഭിക്കും. ബി.എം.ടി.സി., കര്‍ണാടക ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതി ഒരുങ്ങുകയാണ്. ബസുകള്‍ക്കുപുറമേ സ്വകാര്യ വാഹനങ്ങള്‍ക്കും ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Content Highlights: Karnataka government install 1000 vehicle charging stations across states, EV Charging stations