ഇലക്ട്രിക് കാറുകൾക്കുള്ള നികുതി ഇളവ് പിൻവലിക്കുന്നു; പുതിയ ബിൽ പാസാക്കി കർണാടക

പ്രകൃതി സൗഹാർദമായ ഗതാഗത സംവിധാനം എന്ന ആശയവുമായാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചത്. വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ ലഭിക്കുന്ന സബ്‌സിഡി, നികുതിയിലും രജിസ്‌ട്രേഷൻ ഫീസിലും നൽകിയ ഇളവുകൾ തുടങ്ങിയവയാണ് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സർക്കാരുകൾ നടത്തിയ നീക്കങ്ങൾ.
എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന ഇളവുകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിക്കാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് വിലകൂടും.
2026-ലെ കർണാടക മോട്ടോർ വാഹന നികുതി ഭേദഗതി ബില്ലിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിൽ കാര്യമായ മാറ്റം നിർദേശിച്ചിരിക്കുന്നത്. പ്രൈവറ്റ് കാറുകൾ, ജീപ്പുകൾ, ചെറിയ ബസുകൾ, ടാക്‌സികൾ എന്നിവയ്ക്ക് ലൈഫ് ടൈം ടാക്‌സ് സ്ലാബുകളും ഈ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. നിലവിൽ കാറുകൾക്ക് നൽകി വന്നിരുന്ന നികുതി ഇളവ് മാത്രമാണ് പിൻവലിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കുള്ള ഇളവുകൾ തുടരും.
ബിൽ പ്രാബല്യത്തിൽ വരുന്നതോടെ 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് പത്ത് ശതമാനം നികുതിയായിരിക്കും ചുമത്തുക. പത്ത് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് 12 ശതമാനം നികുതിയും ഇതിന് മുകളിൽ വില വരുന്ന വാഹനങ്ങൾക്ക് 14 ശതമാനം നികുതിയും ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് പൂർണമായും നികുതി ഒഴിവാക്കിയാണ് ഈ വാഹനം എത്തിയിരുന്നത്.
Content Highlights: Karnataka government has passed a bill withdrawing tax exemptions for electric cars., The 2026 Motor Vehicles Taxation Amendment Bill introduces tax slabs based on vehicle price., New tax rates range from 10% to 14% depending on the vehicle cost., Two-wheelers remain exempt from the tax hikes., Tax applies to private cars, jeeps, small buses, and taxis.