കാർ വിൽക്കുന്നുണ്ടോ എന്ന് ഇലോൺ മസ്ക്, ഡിസംബറിൽ വരൂ, കാണിച്ചു തരാമെന്ന് ജഗ്വാർ; ലോഗോയെച്ചൊല്ലി ചർച്ച

ജഗ്വാറിന്റെ ലോഗോ മാറ്റമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. പൂർണമായി വൈദ്യുതവാഹന ഉത്പാദനത്തിലേക്ക് ചുവടുമാറാനുള്ള ഒരുക്കത്തിനു മുന്നോടിയായാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജഗ്വാർ ലോഗോയിൽ മാറ്റം വരുത്തി അവതരിപ്പിച്ചത്. എന്നാൽ പുതുതായി പുറത്തിറക്കിയ ലോഗോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്നത്.
ലോഗോ മാറ്റം അറിയിച്ചു കൊണ്ടുള്ള പരസ്യത്തിനെതിരേയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളുയരുന്നുണ്ട്. കടുംനിറങ്ങളിലുള്ള പരസ്യം കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നാണ് വിമർശനം. എന്നാൽ പരസ്യത്തിലെ കലാപരമായ കാര്യങ്ങളെ പ്രശംസിക്കുന്നവരും കുറവല്ല.
നിങ്ങൾ കാർ വിൽക്കുന്നുണ്ടോ? എന്ന ചോദ്യവുമായി ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്തെത്തി. ഇതിന് മറുപടിയായി മിയാമിയിൽ വെച്ച് ഡിസംബറിൽ നടക്കുന്ന പരിപാടിയിൽ തങ്ങൾക്കൊപ്പം ചേരാൻ വേണ്ടി ജാഗ്വാർ ഔദ്യോഗികമായി മസ്കിനെ എക്സ് പ്ലാറ്റ് ഫോമിൽകൂടി ക്ഷണിക്കുകയും ചെയ്തു.
ഇതെന്തൊരു ലോകമാണ്. നിങ്ങളൊരു കാർ കമ്പനി തന്നെയാണോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന്, ഒരു ക്ഷണം, ഭാവി, അടുത്തത് എന്താണെന്നറിയാനുള്ളത്, അടുത്ത അധ്യായം... എന്നായിരുന്നു ജാഗ്വാറിന്റെ മറുപടി.
ഈ പരസ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് ഇതാണ് ഞങ്ങളുടെ പാത എന്നായിരുന്നു മറുപടി.
ജഗ്വാറിന്റെ പുതിയ ഇലക്ട്രിക് കാര്‍ ഡിസംബര്‍ രണ്ടിന് മിയാമി ആര്‍ട്ട് വീക്കില്‍ പുറത്തിറക്കാനിരിക്കെയാണ് ലോഗോയിലടക്കമുള്ള മാറ്റങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പൂര്‍ണ്ണമായും വലിയ അക്ഷരത്തിലായിരുന്നു ജഗ്വാര്‍ എന്ന് എഴുതിയിരുന്നത്.
വൃത്താകൃതിയിലുള്ളതും കൂടുതല്‍ തുറന്നതുമായ പുതിയ ഫോണ്ടില്‍ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലര്‍ത്തിയാണ് ജഗ്വാര്‍ എന്നെഴുതിയിട്ടുള്ളത്. 'j', 'r' അക്ഷരങ്ങള്‍ക്ക് പ്രത്യേക ഡിസൈനും നല്‍കിയിട്ടുണ്ട്. ഇത് തലകീഴായി തിരിയുമ്പോള്‍ പരസ്പരം സമാനമാകുന്നു.
പതിറ്റാണ്ടുകളായി ജഗ്വാറിനെ അലങ്കരിച്ചിരുന്ന 'ലീപ്പര്‍' എന്ന് വിളിക്കപ്പെടുന്ന പൗണ്‍സിംഗ് ക്യാറ്റ് പ്രധാന ലോഗോയില്‍ ഇല്ല എന്നതാണ് പ്രത്യേകത. എന്നാല്‍ പിച്ചളയില്‍ കൊത്തിയ ഒരു പുതിയ 'ലീപ്പര്‍' ക്യാറ്റ് ഡിസൈന്‍ ഉപയോഗിക്കുന്നുണ്ട്.
Content Highlights: Jaguar Responds To Elon Musk Witty Jibe At The New Logo