പെട്രോളിനെക്കാൾ ലാഭകരമാകുമോ എഥനോൾ ഇന്ധനം? കണക്കുകൾ പറയും E85 വാഹനങ്ങളിലെ ലാഭനഷ്ടങ്ങൾ

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Photo
പ്രതീകാത്മക ചിത്രം | AI Generated Photo

പെട്രോളിൽ എഥനോൾ ചേർത്ത് ഇന്ധന ഉപയോഗത്തിൽ ഇറക്കുമതിയുടെ ആശ്രയത്വം കുറയ്ക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യംവെക്കുന്നത്. പൂർണമായും എഥനോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന കാറുകളും ഇന്ധനത്തിനായി പ്രത്യേക പമ്പുകളും വിപണിയിൽ അവതരിച്ചുകഴിഞ്ഞു. പദ്ധതിക്കു പ്രോത്സാഹനമായി 85 ശതമാനം എഥനോൾ കലർന്ന ഇന്ധനത്തിന് നികുതി കുറച്ച് കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നുണ്ട്.

ഇങ്ങനെ വില കുറഞ്ഞ ഇന്ധനമാണോ പെട്രോളാണോ ലാഭകരമെന്ന് സംശയം തോന്നാം. പെട്രോൾ വിലയുടെ 70 ശതമാനം വിലയിൽ എഥനോൾ ഇന്ധനം ലഭിച്ചാൽ മാത്രമേ ലാഭകരമാകൂവെന്നാണ് കണക്കാക്കുന്നത്. എഥനോളിൽ പെട്രോളിനെ അപേക്ഷിച്ച് ഊർജസാന്ദ്രത കുറവാണെന്നതാണ് ഇതിനു കാരണം.

85 ശതമാനം എഥനോളിന് ഡൽഹിയിലും മുംബൈയിലും 82.12 രൂപയാണ് ലിറ്ററിന് വില. പെട്രോളിന് ഡൽഹിയിൽ ലിറ്ററിന് 102 രൂപയും മുംബൈയിൽ 111 രൂപയും വരും. അതായത് ഇപ്പോൾ ലഭിക്കുന്ന 20 ശതമാനം എഥനോൾ ചേർത്ത പെട്രോളിനേക്കാൾ ലിറ്ററിന് ഡൽഹിയിൽ 20 രൂപയും മുംബൈയിൽ 29 രൂപയും ഇ 85 ഇന്ധനത്തിന് കുറവാണ്. പമ്പിൽ വിലകുറഞ്ഞതുകൊണ്ടു മാത്രം വാഹനം ഓടിക്കുന്നതിനുള്ള ചെലവു കുറയുമെന്ന് അർഥമില്ല. വാഹനവും മൈലേജും നിർണായകമായി മാറും.

വാഹന വില

ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളിൽ മാത്രമാണ് ഇ 85 ഇന്ധനം ഉപയോഗിക്കാനാകൂ. നിലവിൽ മാരുതി സുസുക്കിയുടെ വാഗൺ ആർ മാത്രമാണ് ഇതിനായി വിപണിയിലെത്തിയിട്ടുള്ളത്. വാഗൺ ആറിന്റെ സെഡ്എക്‌സ്‌ഐ പ്ലസ് വേരിയന്റാണ് ഇ 85 ഇന്ധനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. 7.24 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. റോഡിലിറങ്ങുമ്പോൾ ഡൽഹിയിൽ 8.13 ലക്ഷവും മുംബൈയിൽ 8.52 ലക്ഷവും വില വരുമെന്നാണ് കണക്ക്. സാധാരണ പെട്രോൾ ഉപയോഗിക്കുന്ന വാഹനത്തേക്കാൾ ഇതിന് 86,000 രൂപ വരെ അധികമായി നൽകേണ്ടിവരുന്നു.

ഊർജസാന്ദ്രത

വാഹനത്തിനു മാത്രമല്ല അധികച്ചെലവ്. വാഹനത്തിന്റെ മൈലേജിലും വ്യത്യാസമുണ്ടാകും. ഇ 20 പെട്രോളിൽ 80 ശതമാനം പെട്രോളുണ്ട്. ഇ 85-ലിത് 15 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള ഊർജസാന്ദ്രതയിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ടാകാം. ഇ 20 ഇന്ധനം ഉപയോഗിക്കുമ്പോൾ ശരാശരി 18 - 20 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കപ്പെടുന്നു.

85 ശതമാനം എഥനോൾ ആകുമ്പോൾ ഊർജ സാന്ദ്രത കുറവായതിനാൽ കൂടുതൽ ഇന്ധനം ആവശ്യമായി വരും. അതുകൊണ്ടുതന്നെ മൈലേജ് 13 മുതൽ 14 കിലോമീറ്ററായി ചുരുങ്ങുമെന്ന് കണക്കാക്കുന്നു. മാരുതിയുടെ വാഗൺ ആറിന്റെ ഫ്‌ളെക്‌സി ഫ്യുവൽ കാറിലടക്കം ആനുപാതികമായ വ്യത്യാസമുണ്ടായേക്കാം.

102 രൂപ നിരക്കിൽ 18 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വാഹനത്തിന് ഒരു കിലോമീറ്ററിനുള്ള ഇന്ധനച്ചെലവ് 5.67 രൂപയാണ്. 82 രൂപയ്ക്കു ലഭിക്കുന്ന ഇ 85 ഇന്ധനത്തിൽ 13.5 കിലോമീറ്റർ മൈലേജ് ലഭിച്ചാൽ ഒരു കിലോമീറ്ററിന് 6.08 രൂപ ചെലവു വരും.

മുംബൈയിലാണെങ്കിൽ പെട്രോളിന് 111 രൂപയാണ്. അതായത് കിലോമീറ്റർ ചെലവ് 6.16 രൂപ വരെ. ഇതുവെച്ചു നോക്കുമ്പോൾ പെട്രോൾ വിലയുടെ 70 ശതമാനം നിരക്കിൽ ഇ 85 ഇന്ധനം ലഭിച്ചാൽ മാത്രമേ ഇതു ഉപഭോക്താവിന് ലാഭകരമാകൂ. അല്ലെങ്കിൽ വാഹനത്തിന് ഉയർന്ന മൈലേജ് ലഭിക്കണം. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതുകൊണ്ട് കുറഞ്ഞ വിലയിൽ എഥനോൾ ഇന്ധനം ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും. അത്രയും കുറച്ച് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്താൽ മതി. മാത്രമല്ല, മലിനീകരണം കുറയുകയും ചെയ്യും.

Content Highlights: E85 fuel requires 70% of petrol price to be truly cost-effective due to lower energy density., Flex-fuel vehicles like the Maruti WagonR cost approximately 86,000 INR more than petrol variants., Ethanol-based fuel results in a 20-30% reduction in mileage compared to standard E20 petrol., E85 usage helps reduce crude oil imports and promotes environmental sustainability.