ഈ രണ്ട് പ്രവൃത്തികളുടെ ഗുട്ടൻസ് എന്താണ്? പിടികൊടുക്കാത്ത ഇന്ത്യൻ ഡ്രൈവർമാരെക്കുറിച്ച് വിദേശ സഞ്ചാരി

Representational Image | Photo: AFP
Representational Image | Photo: AFP

ണ്ട് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശ പൗരന്‍ ഇവിടുത്തെ ഡ്രൈവര്‍മാരെ മാജിക്കുകാരോട് ഉപമിച്ച കഥ കുറച്ച് പേരെങ്കിലും കേട്ടിരിക്കാം. എന്നാല്‍, ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ നിരത്തുകളില്‍ കാണിച്ചുകൂടുന്ന അസാധാരണമായ പ്രവൃത്തികളെ കുറിച്ച് വിദേശിയായ ഒരു സഞ്ചാരി റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ഇന്ത്യയിലെ ഡ്രൈവര്‍മാരെ കുറിച്ച് രണ്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു വിദേശിയ സഹായിക്കുക എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നഗരങ്ങളിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റ് വാഹനങ്ങളുടെ മുന്നില്‍ കയറാന്‍ വെപ്രാളപ്പെടുന്ന ഇവര്‍ ഹൈവേകളില്‍ അനുവദിച്ചിട്ടുള്ളതിലും വളരെ പതുക്കെയാണ് വാഹനം ഓടിക്കുന്നത്. ടോള്‍ റോഡുകളിലൂടെയായിരുന്നു കൂടുതലും യാത്ര ചെയ്തത്. മണിക്കൂറില്‍ 100 അല്ലെങ്കില്‍ 120 കിലോമീറ്റര്‍ വരെ വേഗത അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളില്‍ വളരെ പതുക്കെ മാത്രമേ ഇവര്‍ വാഹനം ഓടിക്കൂ. വേഗപരിധി ലംഘിക്കാന്‍ താത്പര്യമില്ലാത്തത് മനസിലാക്കാം. പക്ഷെ, ഇത്രയും പതുക്കെ ഓടിക്കുന്നത് എന്തിനാണ്.

ഹൈവേകളില്‍ വളരെ പതുക്കെ വാഹനം ഓടിക്കുന്ന ഇതേ ഡ്രൈവര്‍മാര്‍ നഗരത്തിലേക്ക് കയറിയാല്‍ പിന്നെ എതിര്‍വശം കാണാന്‍ സാധിക്കാത്ത വളവുകളില്‍ പോലും മറ്റ് വാഹനത്തെ മറികടക്കാനും റോഡിന്റെ തെറ്റായ വശങ്ങളിലൂടെ തുടര്‍ച്ചയായി വാഹനം ഓടിക്കുകയും ചെയ്യും. മണിക്കൂറുകള്‍ പാഴാക്കിയിട്ട് സെക്കൻഡുകള്‍ ലാഭിക്കാനാണിത്. വേഗത മാത്രമാണ് അപകടമെന്നും മറ്റൊന്നും പ്രശ്‌നമല്ലെന്നും ഇന്ത്യയിലെ ഡ്രൈവര്‍മാര്‍ കരുതുന്നുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം. 

ഞാന്‍ യാത്ര ചെയ്ത വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്കെല്ലാം തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നിരുന്നു. പല കാറുകളിലായി 40 മണിക്കൂറോളം യാത്ര ചെയ്തിരുന്നു. ഇതില്‍ 80 ശതമാനം സമയത്തും ഡ്രൈവര്‍മാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. എന്താണ് ഇവര്‍ ഇത്രയും അധികം ഫോണില്‍ സംസാരിക്കുന്നത്. ഇതിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചല്ല എനിക്ക് അറിയേണ്ടത്. സുഹൃത്തുകളോടും ബന്ധുക്കളോടും തുടര്‍ച്ചയായി സംസാരിക്കുന്നത് ഇന്ത്യക്കാരുടെ ശീലത്തിന്റെ ഭാഗമാണോയെന്നാണ് അദ്ദേഹം രണ്ടാമതായി ചോദിക്കുന്നത്.

റെഡ്ഡിറ്റിലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്. സ്റ്റാന്റേഡ് ഡ്രൈവിങ് നിയമങ്ങള്‍ ഞങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നും ഫോണ്‍ കോളുകളുടെ കാര്യത്തില്‍ അതിനെ ഒരു സുഹൃദ് സംവിധാനമായി കണ്ടാല്‍ മതിയെന്നും രാത്രിയാത്രകളില്‍ പരസ്പരം ഉണര്‍ന്നിരിക്കാനും എവിടെയാണ് ഉള്ളതെന്ന് സുഹൃത്തുകളെ അറിയിക്കാനും ഡ്രൈവിങ്ങിലെ വിരസത മാറ്റാനുമൊക്കെയാണ് ഇത്തരം ഫോണ്‍വിളികള്‍ എന്നിങ്ങനെ പോകുന്നു പോസ്റ്റിലെ കമന്റുകള്‍.

Content Highlights: A foreigner questions the driving habits of Indians, from slow highway speeds to aggressive city