പെട്രോളിലെ 20% എഥനോൾ മിശ്രണം ഒരു പരീക്ഷണം; ഫലം അടുത്ത വർഷം അറിയാമെന്ന് കേന്ദ്ര സർക്കാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20) പദ്ധതി ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണെന്നും ഇതിന്റെ കൃത്യമായ ഫലം അടുത്ത വർഷത്തോടെ മാത്രമേ വ്യക്തമാകൂ എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എഥനോൾ മിശ്രണം വാഹനങ്ങളുടെ എൻജിനുകളെ ബാധിക്കുമെന്ന ആശങ്കകൾക്കിടെയാണ് സർക്കാരിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. എഥനോൾ വിതരണവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) നൽകിയ ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

പെട്രോളിൽ എഥനോളിന്റെ അളവ് കൂടുന്നത് പഴയ വാഹനങ്ങളുടെ എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ ഇത്തരം കേടുപാടുകൾ സംഭവിക്കുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകൾ നിലവിലില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.

എഥനോൾ മിശ്രണ പദ്ധതിയിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചതായും ഇതുവഴി 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. നിശ്ചയിച്ചതിലും അഞ്ച് വർഷം മുൻപേ, അതായത് കഴിഞ്ഞ വർഷം തന്നെ പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രണം ചെയ്യുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചിരുന്നു. നിലവിൽ 2030-ഓടെ ഈ മിശ്രണത്തിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇ20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസ് പരിരക്ഷയെ ബാധിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ലാഭകരവുമായ രീതിയിൽ മാത്രമേ ഈ പദ്ധതി നടപ്പിലാക്കൂ എന്നും സർക്കാർ ആവർത്തിച്ചു. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും എഥനോൾ മിശ്രണം വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Content Highlights: E20 ethanol blending currently under experimental phase., Definitive results on engine performance expected by 2026., Government saved 1.4 lakh crore INR in foreign exchange., India targets 30% ethanol blending by 2030., No scientific evidence of damage to older vehicle engines.