ടോൾബൂത്തിൽ ഇനിയാരും തടയില്ല; ഇന്ത്യയിലെ എല്ലാ ടോൾ ബൂത്തുകളും തടസരഹിത സംവിധാനത്തിലേക്ക്

2027 മാർച്ച് മാസത്തോടെ ഇന്ത്യയിൽ പൂർണമായും തടസരഹിത ടോൾ സംവിധാനം (barrier-free toll booths) നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം ഫാസ്ടാഗ് പൂർണമായും നടപ്പാക്കുന്നതോടെ പ്രതിവർഷം 25,000 കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഈ വർഷമാദ്യം തടസമില്ലാത്ത ടോൾ സംവിധാനത്തെ കുറിച്ച് മന്ത്രി അറിയിച്ചിരുന്നു.
“തടസരഹിത ടോൾ സംവിധാനം നടപ്പാക്കുന്നതോടെ ഞങ്ങളുടെ വകുപ്പിൽനിന്ന് മാത്രം ഒരു വർഷം 20,000 കോടി മുതൽ 25,000 കോടി രൂപ വരെയുള്ള അധിക വരുമാനം സർക്കാർ ഖജനാവിലേക്ക് കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാസ്ടാഗുകൾ ടോൾ ബൂത്തിലെ വരുമാനം ഇതിനകംതന്നെ പത്ത് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. അതായത് 7000 കോടി രൂപയോളം വർധിപ്പിച്ച് ടോൾ വരുമാനം 82,000 കോടി രൂപയിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്.” ഗഡ്കരി പറഞ്ഞു.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കിയിരിക്കുന്ന ഈ തടസരഹിത ടോൾ ബൂത്തുകൾ, ടോൾ വരുമാനത്തിൽ 8000 കോടി രൂപയുടെ വർധന വരുത്തുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒരു ടോൾ ബൂത്ത് നടത്താനുള്ള പ്രവർത്തന ചെലവ് മുമ്പുണ്ടായിരുന്ന 12 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കാൻ തടസരഹിത ടോൾ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ടെന്നാണ് നിതിന് ഗഡ്കരി പറയുന്നത്.
2026 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ 70% ടോൾ ബൂത്തുകളും തടസരഹിതമായി ടോൾ പിരിക്കാൻ സാധിക്കുന്ന സംവിധാനത്തിലേക്ക് മാറും. അടുത്ത വർഷം മാർച്ച് മാസത്തോടെ 100 ശതമാനവും തടസരഹിത ടോൾ സംവിധാനം ഇന്ത്യയിൽ നടപ്പാകുമെന്നാണ് മന്ത്രി ഉറപ്പുനൽകിയിരിക്കുന്നത്. ബുത്തുകളിൽ കാത്തിരിക്കുന്ന രീതി ഇല്ലാതാകുന്നതോടെ വാഹന ഉടമകൾക്ക് സമയലാഭവും ഇന്ധനലാഭവും ഉൾപ്പെടെയുള്ള നേട്ടങ്ങളുണ്ടാകുമെന്നാണ് മന്ത്രി പറയുന്നത്.
2026-ന്റെ തുടക്കത്തിലാണ് മന്ത്രി നിതിൻ ഗഡ്കരി നിലവിലെ ടോൾ സംവിധാനങ്ങളെ ഉടച്ചുവാർക്കുമെന്ന് പ്രഖ്യാപിച്ചത്. വാഹനവുമായി പോകുന്ന ആളുകളെ തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതിക്ക് പകരം, യാത്രയ്ക്ക് തടസമുണ്ടാക്കാതെ ടോൾ പിരിക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് മന്ത്രി അറിയിച്ചത്. ഇതിനായാണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസരഹിത ടോൾ പിരിവ് സംവിധാനം ആരംഭിച്ചത്.
ടോൾ പ്ലാസകൾ പൊളിച്ച് നീക്കാതെ തന്നെയായിരിക്കും ഈ സംവിധാനം നടപ്പാക്കുക. എന്നാൽ, വാഹനം നിർത്തുന്നതിനുള്ള ബാരിയറുകളും ആളുകൾക്ക് ഇരിക്കുന്ന ക്യാബിനുകളും അവിടെനിന്നു നീക്കിയേക്കും. റോഡിന് കുറുകെ ഒരു ഫ്രെയിം സ്ഥാപിച്ച് അതിൽ ക്യാമറകളും ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനുള്ള സാമഗ്രികളും സ്ഥാപിച്ചാണ് തടസരഹിത ടോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരിക്കുന്നത്.
ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്‌കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. ടോൾ പ്ലാസകളിൽ ആളുകൾക്ക് സമയം നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനൊപ്പം വലിയ ഗതാഗതക്കുരുക്കുകളും ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തലുകൾ.
ഹൈവേയിലൂടെ പോകുന്ന വാഹനത്തിന്റെ ഫാസ്ടാഗ് ഹൈ-സ്പീഡ് റീഡറുകൾ സ്‌കാൻ ചെയ്യും. വാഹനം മണിക്കൂറിൽ 150 കിലോ മീറ്റർ വേഗത്തിലാണ് ഓടുന്നതെങ്കിൽപോലും ഈ റീഡറുകൾക്ക് സ്‌കാൻ ചെയ്യാൻ സാധിക്കും. അതിനുശേഷം ഫാസ്ടാഗ് അക്കൗണ്ടിൽനിന്ന് ടോൾ തുക കുറയുകയും ചെയ്യും. അഥവാ ഫാസ്ടാഗ് റീഡ് ചെയ്തില്ലെങ്കിൽ ക്യാമറകളുടെ സഹായത്തോടെ നമ്പർ തിരിച്ചറിഞ്ഞ വാഹനത്തിന്റെ വിവരം വാഹന ഡാറ്റ ബേസിൽനിന്ന് കണ്ടെത്തി ടോൾ ഈടാക്കാനും സാധിക്കും.
ഏതെങ്കിലും വാഹനത്തിന്റെ ഫാസ്ടാഗ് നഷ്ടപ്പെടുകയോ ശരിയായ രീതിയിൽ പതിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും ടോൾ ബൂത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും ടോൾ ഇല്ലാതെ യാത്ര ചെയ്തത് നിയമലംഘനമായി കണക്കാക്കുകയും ചെയ്യും. അതിനുശേഷം നാഷണൽ ഹൈവേ നിയമങ്ങൾ അനുസരിച്ചുള്ള ടോൾ തുകയും പിഴയും ഈടാക്കുമെന്നാണ് വിവരം.
Content Highlights: 100% barrier-free toll system to be implemented across India by March 2027., Expected to generate an additional annual revenue of Rs 20,000 to 25,000 crore for the government., 70% of toll booths will transition to barrier-free collection by the end of December 2026., High-speed FASTag readers and Automatic Number Plate Recognition (ANPR) cameras will enable seamless toll collection at speeds up to 150 km/h.