അനധികൃത റെന്റ് എ കാബ് സർവീസ് വ്യാപിക്കുന്നു; നടപടി എടുക്കാനാകാതെ അധികൃതർ, കാരണം ഇതാണ്..

കോഴിക്കോട്: ലൈസൻസില്ലാത്ത അനധികൃത റെന്റ് എ കാബ് സർവീസുകൾ സംസ്ഥാനത്ത് വ്യാപിക്കുന്നു. കർശനനിയമ വ്യവസ്ഥകളില്ലാത്തതിനാലും പ്രായോഗിക തടസ്സങ്ങളാലും നടപടികളെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ് മോട്ടോർ വാഹന വകുപ്പ്. ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണക്കിൽ ലൈസൻസോടെ സർവീസ് നടത്തുന്നത് 11 കമ്പനികളുടെ മൂവായിരത്തിൽ താഴെ കാബുകൾ മാത്രം. പതിനായിരത്തിലേറെ സ്വകാര്യ കാറുകൾ ലൈസൻസെടുക്കാതെ വാടകയ്ക്ക് ഓടുന്നുണ്ടെന്നാണ് വിവരം.
ഗതാഗത മന്ത്രാലയത്തിന്റെ 1989 -ലെ റെന്റ് എ കാബ് പദ്ധതിപ്രകാരം 2015 മുതലാണ് സംസ്ഥാനത്ത് കമ്പനികൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയത്. നിയമലംഘനങ്ങൾക്കുള്ള പിഴയോ ശിക്ഷാനടപടിയോ ഇതിൽ പറയുന്നില്ല. അതുകാരണം അനധികൃത കമ്പനികളുടെയോ ഉടമയുടെയോ പേരിൽ നിയമനടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പിനാകില്ല.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയാൽ വാഹനങ്ങൾക്ക് നിസ്സാര പിഴ ചുമത്തുക മാത്രമാണ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഇപ്പോൾ ചെയ്യുന്നത്. വൻതുക മാർജിനുള്ള മേഖലയായതിനാൽത്തന്നെ, പിഴയടച്ച് ഇത്തരക്കാർ വീണ്ടും അനധികൃത സർവീസിനിറങ്ങും. സാധാരണ നമ്പർ പ്ലേറ്റുള്ള ഇത്തരം വാഹനങ്ങൾ ഓട്ടത്തിനിടയിൽ പരിശോധിക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കറുപ്പിൽ മഞ്ഞ എഴുത്തുള്ള നമ്പർ പ്ലേറ്റാണ് റെന്റ് എ കാബുകൾക്ക്്.
കല്യാണവണ്ടിയും നിയമവിരുദ്ധം
കല്യാണത്തിന് ചെക്കനും പെണ്ണിനും വന്നിറങ്ങാൻ വിന്റേജ്, ആഡംബര, സ്‌പോർട്‌സ് കാറുകൾ വാടകയ്‌ക്കെടുക്കുന്നതും നിയമവിരുദ്ധമാണ്. പണം നൽകി മറ്റൊരാളുടെ സ്വകാര്യവാഹനം വാടകയ്‌ക്കെടുത്താൽ മോട്ടോർ വാഹനവകുപ്പിന് പിഴയിടാനാകും.
റെന്റ് എ കാബ്
സംസ്ഥാനങ്ങൾ അഞ്ചുവർഷത്തേക്കാണ് റെന്റ് എ കാബ് നടത്തിപ്പിന് ലൈസൻസ് നൽകുക. ഓൾ ഇന്ത്യ പെർമിറ്റുള്ള 50 കാറുകളുണ്ടാവണം. കുറഞ്ഞത് അഞ്ച് ബ്രാഞ്ചുകൾ വേണം. രാജ്യത്തെവിടെയും ഈ വാഹനങ്ങളിൽ പോകാം. മറ്റു സംസ്ഥാനങ്ങളിൽ ബ്രാഞ്ച് ആരംഭിക്കണമെങ്കിൽ അതത് സംസ്ഥാനത്തിലെ മോട്ടോർ വാഹനവകുപ്പിൽ നിന്ന് അനുമതി നേടണം. റെന്റ് എ ബൈക്ക് സംരംഭം ആരംഭിക്കാൻ അഞ്ച് ഇരുചക്രവാഹനങ്ങളും ഒരു ബ്രാഞ്ചും മതി. സംസ്ഥാനത്ത് ഇതുവരെ 80-ഓളം റെന്റ് എ ബൈക്ക് കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.
Content Highlights: Over 10,000 unauthorized private cars are operating as rental vehicles in Kerala., The 1989 Rent-a-Cab scheme lacks strict punitive clauses for illegal operators., Enforcement is difficult because these vehicles use standard number plates rather than commercial yellow-on-black plates., Renting luxury or vintage cars for weddings without proper commercial registration is illegal., Licensed rent-a-cab operators require All India Permits and a minimum fleet of 50 vehicles.