ഇന്ത്യയിൽ 1550 കോടി ഡോളർ നിക്ഷേപിക്കാൻ ഹ്യുണ്ടായ്; ഉത്പാദനം വർധിപ്പിക്കും, R&D-യിലടക്കം മുന്നേറും

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty Images
പ്രതീകാത്മകചിത്രം | Getty Images

ഇന്ത്യയിൽ 15.5 ബില്യൺ (1550 കോടി) യുഎസ് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. ദീർഘകാല ആഗോള പദ്ധതിയുടെ ഭാഗമായി 2026 നും 2032 നും ഇടയിലാവും ഈ നിക്ഷേപം നടത്തുക. ഹ്യുണ്ടായ് എക്‌സിക്യൂട്ടീവ് ചെയർമാൻ യൂയ്‌സൺ ചുങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.

നിർമ്മാണം, ഗവേഷണ- വികസന പ്രവർത്തനങ്ങൾ, ഭാവിയിലെ മൊബിലിറ്റി സാങ്കേതികവിദ്യകൾ എന്നിവയെ പിന്തുണയ്ക്കാനാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഉത്പാദനം വർധിപ്പിക്കും

ഹ്യുണ്ടായ്, കിയ വാഹനങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് ഈ നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം വിനിയോഗിക്കും. പ്രാദേശികവൽക്കരണം വർധിപ്പിക്കും. സുപ്രധാന കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

ആർ ആൻഡ് ഡിയിലും നിക്ഷേപം

വാഹന പരീക്ഷണ പാത (വെഹിക്കിൾ ടെസ്റ്റിങ് ട്രാക്ക്) അടക്കമുള്ള ഇന്ത്യയിലെ ഗവേഷണ വികസന (R&D) പ്രവർത്തനങ്ങളിൽ ഏകദേശം 700 മില്യൺ (70 കോടി) യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ ഗവേഷണ സംവിധാനങ്ങൾ കെട്ടിപ്പടുക്കാം. പ്രാദേശിക തലത്തിൽ വിദഗ്ധരെ കണ്ടെത്തി വളർത്തിയെടുക്കും. നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകളിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഈ നിക്ഷേപം ലക്ഷ്യമിടുന്നുവെന്ന് ഹ്യുണ്ടായ് പറയുന്നു.

ഇവി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമോട്ടീവ് ഫിനാൻസിങ്, വെഹിക്കിൾ റീസൈക്ലിങ്, മൊബിലിറ്റി സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ അവസരങ്ങളും കമ്പനി പ്രയോജനപ്പെടുത്തും.

ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന് നിലവിൽ ഇന്ത്യയിൽ 24,000-ത്തിലധികം ജീവനക്കാരുണ്ട്. ചെന്നൈ, പുണെ, അനന്ത്പുർ എന്നിവിടങ്ങളിലെ പ്ലാന്റുകൾ ഉൾപ്പെടെ ഹ്യുണ്ടായ്, കിയ എന്നീ ബ്രാണ്ടുകളിൽ പ്രതിവർഷം 14 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിക്കാനുള്ള സംയുക്ത ശേഷി കമ്പനിക്കുണ്ട്. പുതിയ നിക്ഷേപ പദ്ധതി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഹന നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഒരു ആഗോള ഓട്ടോമോട്ടീവ് ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനങ്ങളിൽ ഒന്നാണ് ഈ പ്രഖ്യാപനം.

Content Highlights: Hyundai Motor Group to invest USD 15.5 billion in India between 2026 and 2032., Investment focuses on manufacturing expansion for Hyundai and Kia, R&D, and supply chain growth., Nearly USD 700 million allocated for Indian R&D operations and a new vehicle testing track., Expansion into emerging areas including EV charging infrastructure, financing, and recycling.