നനഞ്ഞ റോഡിൽ കുതിച്ചാൽ വാഹനം 'ജലപാളി'യിൽ കുടുങ്ങും; വണ്ടി കൈയിൽ നിൽക്കില്ല, അപകടം ഉറപ്പ്

നനഞ്ഞതും വെള്ളം കെട്ടിനിൽക്കുന്നതുമായ റോഡിലൂടെ വാഹനമോടിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. ടയറിനും റോഡിനുമിടയിൽ രൂപപ്പെടുന്ന ജലപാളി കാരണം റോഡിലുള്ള പിടിത്തം നഷ്ടപ്പെട്ട് വാഹനം ഒരു നിയന്ത്രണവുമില്ലാതെ തെന്നിനീങ്ങി അപകടത്തിൽപ്പെടുകയോ മറ്റുവാഹനങ്ങളിലിടിക്കുകയോ ചെയ്യാം.
അമിതവേഗവും മിനുസവും എണ്ണയുടെ സാന്നിധ്യവുമുള്ള റോഡും ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിങ്) കാരണമുള്ള അപകടസാധ്യത കൂട്ടും. ഞായറാഴ്ച മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തെന്നിനീങ്ങി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാൾ മരിക്കാനിടയായ അപകടത്തിന്റെ പ്രധാന കാരണം ഇതാണ്.
ജലപാളി പ്രവർത്തനം ഇങ്ങനെ
ടയറും റോഡും തമ്മിലുള്ള ഘർഷണം കാരണമാണ് റോഡിൽ വാഹനത്തിന്റെ നീക്കവും സ്റ്റിയറിങ് തിരിക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴുമുള്ള പ്രവർത്തനങ്ങളും സാധ്യമാകുന്നത്. എന്നാൽ, വെള്ളമുള്ള റോഡിൽ വേഗത്തിൽ വാഹനമോടിക്കുമ്പോൾ ടയറിന്റെ പമ്പിങ് പ്രവർത്തനം കാരണം അടിയിൽ ജലപാളി രൂപപ്പെടും.
സാധാരണ റോഡിൽ തൊടുന്ന ഭാഗത്തെ വെള്ളം ടയറിലെ ട്രെഡിന്റെ ചാലുകളിലൂടെ ഒഴുക്കിക്കളഞ്ഞ് ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും. എന്നാൽ, വേഗം കൂടുമ്പോൾ ഇങ്ങനെ ഒഴുക്കിക്കളയാനാനാകാത്തത്ര വെള്ളം ടയറിനും റോഡിനുമിടയ്ക്ക് അതിമർദത്തിൽ കുടുങ്ങും.
ഈ മർദം കാരണം ടയർ റോഡിൽനിന്നുയരും. അങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമാകുകയാണ് ജലപാളി പ്രവർത്തനത്തിൽ സംഭവിക്കുന്നത്. ഇതോടെ മുന്നോട്ടുള്ള കുതിപ്പ്, സ്റ്റിയറിങ് പ്രവർത്തനം, ബ്രേക്കിങ് ഒന്നും സാധ്യമാകാതെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും.
Content Highlights: Explains the physics of hydroplaning and how water pressure lifts tires from the road., Highlights the danger of high speeds and oily road surfaces during rainfall., Emphasizes the loss of steering and braking control during hydroplaning., Provides context on recent road accidents caused by water accumulation on highways.