0 ആല്‍ഫ കണ്‍സെപ്റ്റ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ഹോണ്ട; 2027-ല്‍ ഇന്ത്യയിലെത്തും

പുതിയ ഹോണ്ട 0 ആല്‍ഫ കണ്‍സെപ്റ്റ് ഇലക്ട്രിക് എസ്‌യുവി ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച് ഹോണ്ട. അടുത്ത തലമുറ 0 സീരീസ് ഇലക്ട്രിക് വാഹന ശ്രേണിക്ക് തുടക്കം കുറിക്കുന്ന വാഹനമാണിത്. ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് ഈ മോഡല്‍ 2027-ഓടെ ജപ്പാനിലും ഇന്ത്യയിലും അരങ്ങേറ്റം കുറിക്കും. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കര്‍വ് ഇവി, മാരുതി സുസുക്കി ഇ-വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ ഇവി, മഹീന്ദ്ര BE6, എംജി ZS ഇവി എന്നിവയുമായി ഹോണ്ട 0 ആല്‍ഫ ഇവി മത്സരിക്കും.
'നേര്‍ത്തതും, ഭാരം കുറഞ്ഞതും, വിവേകമുള്ളതും' എന്നാണ് ഹോണ്ട 0 ആല്‍ഫ കണ്‍സെപ്റ്റിനെ ഹോണ്ട വിശേഷിപ്പിക്കുന്നത്, ഈ ആശയം സ്‌റ്റൈലിംഗില്‍ വ്യക്തമായി പ്രതിഫലിക്കുന്ന വാഹനമാണ് അവതരിപ്പിച്ചിട്ടുള്ളത്. പിന്നിലേക്ക് ഉയര്‍ന്ന് കട്ടിയുള്ള സി-പില്ലറില്‍ ലയിക്കുന്നുതാണ് വിന്‍ഡോ ലൈന്‍. ഇത് വാഹനത്തിന് ഒരു എംപിവിക്ക് സമാനമായ രൂപം നല്‍കുന്നുണ്ട്.
ഹോണ്ട ലോഗോയും ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ടും മുന്‍വശത്തെ മിനുസമാര്‍ന്ന ഭാഗത്താണുള്ളത്. ഇവയ്ക്ക് ചുറ്റുമായി ആകര്‍ഷകമായ ഹെഡ്ലാമ്പ് യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. ആകര്‍ഷകമായ ലോവര്‍ ബമ്പര്‍ വശങ്ങളില്‍ മസ്‌കുലര്‍ ബോഡി ക്ലാഡിങ്ങുകളുണ്ട്. എയറോ-സ്‌റ്റൈല്‍ ചെയ്ത 19 ഇഞ്ച്, ഫൈവ്-സ്‌പോക്ക് അലോയ്കളാണ് മറ്റൊരു പ്രത്യേകത. പിന്‍ഭാഗത്ത്, കുത്തനെയുള്ള ഗ്ലാസ് ഏരിയയ്ക്ക് ചുറ്റുമായി വിശാലമായ യു-ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുണ്ട്.
ഇവി എസ്‌യുവി കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും, ഹോണ്ട 0 ആല്‍ഫയുടെ ക്യാബിന്‍ ഒതുക്കമുള്ളതും എന്നാല്‍ വിശാലവുമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹോണ്ട പറയുന്നു. ഇത് സൗകര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ യാത്രക്കാര്‍ക്ക് വിശാലതയുടെ അനുഭവം ഉറപ്പാക്കുന്നതാണ്. വാഹനത്തിന്റെ വിശാലമായ രൂപം എസ്‌യുവിയുടെ സ്വഭാവത്തെ ശക്തിപ്പെടുത്തുന്നുവെന്നും, റോഡില്‍ സ്ഥിരതയും സ്‌പോര്‍ട്ടിഫീല്‍ നല്‍കുന്നുവെന്നും ഹോണ്ട പറയുന്നു.
Content Highlights: Honda unveils the 0 Alpha concept, a next-gen electric SUV. Thin, light, wise design. Coming to India by 2027. See the future of Honda EVs!