E20-യിലും തട്ടിപ്പോ? പെട്രോളിൽ 31 ശതമാനം വരെ എഥനോൾ, പല പമ്പുകളിൽ നിന്നായി പരിശോധിച്ചത് 63 സാമ്പികളുകൾ

#Auto Desk
പ്രതീകാത്മകചിത്രം | Mathrubhumi Archives
പ്രതീകാത്മകചിത്രം | Mathrubhumi Archives

ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി കണ്ടെത്തി. പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാംപിളുകളിൽ 31.2 ശതമാനം വരെയാണ് എഥനോളിന്റെ സാന്നിധ്യം. കർണാടക സർക്കാരാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തിയത്.

20 ശതമാനമാണ് കേന്ദ്രസർക്കാർ എഥനോൾ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച 63 സാംപിളുകൾ പരിശോധിച്ചപ്പോൾ ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷദ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിൽ ആശങ്ക പങ്കുവെച്ച മന്ത്രി പരിശോധനാറിപ്പോർട്ട് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കുമെന്നും പറഞ്ഞു. ഓയിൽ കമ്പനികളുടെ പേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോളിൽ 31.2 ശതമാനം എഥനോൾ കണ്ടെത്തി.

എച്ച്.പി.സി.എൽ. പെട്രോളിന്റെ ഒരു സാംപിളിൽ 30.5 ശതമാനവും മറ്റൊരു സാംപിളിൽ 27 ശതമാനവും ബി.പി.സി.എലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ അടങ്ങിയതായി കണ്ടെത്തി. ഓയിൽ കമ്പനികളോട് എഥനോൾ മിശ്രിതത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെത്തുടർന്നാണ് സാംപിളുകൾ ശേഖരിച്ച് സർട്ടിഫൈ ചെയ്ത സ്വകാര്യ ലബോറട്ടറിയിൽ പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.

എഥനോൾ പരിധിയിലധികമടങ്ങിയ പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്നും പഴയവാഹനങ്ങളുടെ എൻജിന് ദോഷകരമാകുമെന്നും ആശങ്കയുയരുന്നതിനിടെയാണ് കർണാടകത്തിലെ പരിശോധനാഫലം പുറത്തുവന്നത്. പെട്രോളിലെ എഥനോളിന്റെ അളവ് 20 ശതമാനത്തിൽനിന്ന് വർധിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Karnataka government tests reveal up to 31.2% ethanol in petrol, exceeding the 20% central limit., Samples from 7 districts, including Bengaluru, tested positive for high ethanol levels across major oil companies., State government plans to send the test report to the central government and demand action against oil companies., Excess ethanol raises serious concerns about vehicle mileage reduction and potential damage to older engines.