ഇലക്ട്രിക് വാഹനങ്ങള്‍ ഓടേണ്ടത് ക്ലീന്‍ എനര്‍ജിയില്‍; സോളാര്‍ ചാര്‍ജിങ്ങിനെ പിന്തുണച്ച് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി | Photo: ANI
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി | Photo: ANI

മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹന നയത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി നല്‍കുന്നതും രജിസ്‌ട്രേഷനും മറ്റുമായി ഇളവുകള്‍ നല്‍കുന്നതുമെല്ലാം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപയോക്താക്കളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌. ഇത്തരം വാഹനം തിരഞ്ഞെടുക്കുന്നവരോട് പുതിയ നിര്‍ദേശം നല്‍കുകയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പരമാവധി സോളര്‍ എനര്‍ജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ വാഹനങ്ങളും ക്ലീന്‍ എനര്‍ജി ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനം ഉറപ്പാക്കാനും ഇന്ധനങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതും കുറയ്ക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും ക്ലീന്‍ എനര്‍ജി ഉപയോഗിച്ച് വേണം പ്രവര്‍ത്തിക്കാന്‍. എല്ലാ ചാര്‍ജിങ്ങും പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിച്ച് വേണം സാധ്യമാകാന്‍. ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം സ്ഥാപിത ഊര്‍ജശേഷി 495 ഗിഗാവാട്ടാണ്. ഇതിന്റെ 50 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നാണെന്നും അദ്ദേഹം അറിയിച്ചു. റിഫെക്‌സ് മൊബിലിറ്റിയുടെ ഫ്‌ളീറ്റ് ലോഞ്ചില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളും സ്മാര്‍ട്ടര്‍ എനര്‍ജി എഫിഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന ആശയവും അര്‍ഥപൂര്‍ണമാകണമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം. ഭാവിയുടെ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ മന്ത്രാലയം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ) മുഖേന ഇവി ഇക്കോസിസ്റ്റത്തിന് പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

ഇലക്ട്രിക് വാഹന വിപ്ലവത്തെ അംഗീകരിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യ പൊതുമേഖല സ്ഥാപനമാണ് ഐആര്‍ഇഡിഎ. ഇവി ഫ്‌ളീറ്റിങ് ഉടമകള്‍ക്കും ചാര്‍ജിങ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കും മുടക്കുമുതലിന്റെ 80 ശതമാനം വരെ സാമ്പത്തിക സഹായം ഈ സ്ഥാപനം മുഖേന നല്‍കുന്നു. ഇവി ഇക്കോ സിസ്റ്റത്തിന് ശക്തമായ പിന്തുണയാണ് ഈ പദ്ധതി ഉറപ്പാക്കുന്നതെന്നാണ് മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത്.

Content Highlights: Union Minister Pralhad Joshi calls for electric vehicles to be charged using renewable energy sources like solar, promoting a cleaner transport system in India.