റോഡിൽ ‘എഐ’ മിന്നിച്ചു; എറണാകുളത്ത് പിഴയായി ലഭിച്ചത് 25.05 കോടി

#പി.ബി. ഷെഫീക്ക്
പ്രതീകാത്മക ചിത്രം| photo:മാതൃഭൂമി
പ്രതീകാത്മക ചിത്രം| photo:മാതൃഭൂമി

കാക്കനാട്: ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കൽ, വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കൽ, സിഗ്നൽ ലംഘനം... എറണാകുളം ജില്ലയിലെ എഐ ക്യാമറ കണ്ടെത്തിയ ഗതാഗത ലംഘനങ്ങൾക്കു പിഴ ഈടാക്കിയതു വഴി സർക്കാരിനു ലഭിച്ചത് 25.05 കോടി രൂപ. റോഡ് ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂൺ അഞ്ച് മുതൽ 2025 ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ഈ കാലയളവിൽ 11.69 ലക്ഷം പേർക്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് ചെലാൻ അയച്ചു. ആകെ പിഴത്തുകയായ 73.35 കോടി രൂപയിൽ 25.05 കോടി രൂപയാണ് ലഭിച്ചത്. ചെലാൻ അയച്ചതിന്റെ 34.16 ശതമാനം നോട്ടീസുകളിൽ നിന്നു മാത്രമാണ് നിലവിൽ പിഴത്തുക ലഭിച്ചത്. ദിവസവും ശരാശരി ആയിരത്തിലധികം നിയമലംഘനങ്ങളാണു കണ്ടെത്തുന്നതെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണു ചെലാൻ അയയ്ക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമലംഘനങ്ങളാണു കൂടുതൽ.

നിരീക്ഷണ ക്യാമറകളും വാഹന പരിശോധനകളും കൂടിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാനായെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. എറണാകുളം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിലെ കൺട്രോൾ റൂമിൽ നിന്നാണ് ഉദ്യോഗസ്ഥർ പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കുന്നത്.

ചില വാഹനങ്ങൾക്ക് ഒന്നിൽക്കൂടുതൽ പിഴ ഈടാക്കാനും നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഥിരമായി ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവർ, സിഗ്നൽ അവഗണിച്ചു പോകുന്നവർ തുടങ്ങിയവർക്കാണ് ഒരുപാട് തവണ പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകിയിട്ടുള്ളത്.

കൂടുതൽ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ മേഖലകളിലാണ് കൂടുതൽ നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നത്. ഇവിടത്തെ ഒരു ക്യാമറയിൽ മാത്രം 200 മുതൽ 400 വരെ നിയമലംഘനങ്ങൾ ദിവസവും രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും കുറവ് കൊച്ചി നഗരത്തിലാണ്.

10 ക്യാമറകൾ പണിമുടക്കിൽ

ജില്ലയിൽ സ്ഥാപിച്ച 63 എഐ ക്യാമറകളിൽ 10 എണ്ണം പ്രവർത്തിക്കുന്നില്ല. വിവിധ വാഹനാപകടങ്ങളിലാണ്‌ എഐ ക്യാമറകൾ 'ചത്തത്'. പരിപ്പ് ജങ്ഷൻ, വാഴപ്പള്ളി, വരാപ്പുഴ പാലം തുടങ്ങിയ ഭാഗങ്ങളിലെ ക്യാമറകളാണ് തകർന്നത്. രണ്ട് വർഷം മുൻപ് ക്യാമറ സ്ഥാപിച്ചിരുന്ന തൂണുകളിൽ അമിത വേഗത്തിലെത്തിയ വാഹനങ്ങൾ ഇടിച്ചുകയറുകയായിരുന്നു.

എന്നാൽ ഇത്രയും നാളായിട്ടും ഇവ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എന്തെങ്കിലും സാങ്കേതിക തകരാറാണെങ്കിൽ കമ്പനി നന്നാക്കും. പക്ഷേ, വാഹനാപകടത്തിൽ ക്യാമറകൾ തകർന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് കരാറിലും വ്യക്തമാക്കിയിരുന്നില്ല. ഇതു കാരണം കെൽട്രോണും ഈ ക്യാമറകളെ കൈയൊഴിഞ്ഞിരിക്കുകയാണ്. അപകട നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ഈ ക്യാമറകൾ ശരിയാക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ ക്യാമറകളിൽ 50 മുതൽ 150 വരെ നിയമലംഘനങ്ങളാണ് ദൈനംദിനം കുടുങ്ങിയിരുന്നത്.

Content Highlights: AI cameras in Ernakulam have generated ₹25.05 crore in traffic fines for offenses like no helmets, phone use, and signal violations. Learn more about traffic rule enforcement.