എഥനോൾ ഇന്ധനം സുരക്ഷിതം; ഉറപ്പുമായി കേന്ദ്രം, ഇൻഷുറൻസ് ക്ലെയിമുകളെ ബാധിക്കില്ല

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ 20 ഇന്ധനം വാഹനങ്ങൾക്ക് സുരക്ഷിതമാണെന്നും ഇൻഷുറൻസ് പരിരക്ഷയോ ക്ലെയിമുകളോ അസാധുവാകില്ലെന്നും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

എഥനോൾ പെട്രോൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും ക്ലെയിമുകൾ നഷ്ടപ്പെടുത്തുമെന്നും സാമൂഹികമാധ്യമങ്ങളിലുംമറ്റും പ്രചാരണം തുടങ്ങിയതോടെയാണ് വിശദീകരണം.

ഇ 20 പെട്രോൾ ഇറക്കിയശേഷം എൻജിൻ തകരാറുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എസ്., ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ എഥനോൾ മിശ്രിതം അംഗീകരിച്ചതാണ്. വാഹനനിർമാതാക്കൾ, എണ്ണവിപണനക്കമ്പനികൾ, ടെസ്റ്റിങ് ഏജൻസികൾ എന്നിവരുമായി സഹകരിച്ച് വാഹനത്തിന്റെ ക്ഷമത നിരീക്ഷിക്കുന്നുണ്ട്. മിശ്രിതമാക്കുന്നതിനുമുൻപ് കർശന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

എഥനോൾ ഇന്ധനത്തിൽ പഞ്ചസാര അവശിഷ്ടം അടങ്ങിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇ 20 വ്യാപകമാക്കിയതോടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനായെന്നും 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചെന്നും മന്ത്രാലയം അവകാശപ്പെട്ടു.

എന്താണ് E100 ഇന്ധനം?

എഥനോൾബയോ ഇന്ധനമായാണ് അറിയപ്പെടുന്നത്. കരിമ്പ്, ചോളം, കേടുപാട് സംഭവിച്ച ഭക്ഷ്യധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയവയിൽനിന്നാണ് പുനരുത്പാദിപ്പിക്കാവുന്ന ജൈവ ഇന്ധനമായ എഥനോൾ വികസിപ്പിക്കുന്നത്. പുതിയൊരു ബദൽ ഇന്ധനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും അടങ്ങിയ E20 പെട്രോളാണ് നിലവിൽ ഇന്ത്യയിലെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. E25-ലേക്കുള്ള മാറ്റത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ വാഹന മേഖലയുടെ യാത്രയുടെ അടുത്ത ഘട്ടമായാണ് E100 ഇന്ധനങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, നിലവിലെ വാഹനങ്ങളിൽ ഇത് ഉപയോഗിക്കാൻ സാധിക്കില്ല. എൻജിനിൽ ഉൾപ്പെടെ E100-ഇന്ധനത്തെ ഉൾക്കൊള്ളാനുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

E100-ലേക്കുള്ള മാറ്റം എന്തിന്

E100 ഇന്ധനത്തിലേക്കുള്ള മാറ്റത്തിന് പിന്നിൽ ഒട്ടേറെ ലക്ഷ്യങ്ങളാണ് കേന്ദ്ര സർക്കാരിനുള്ളത്. ബയോ ഇന്ധനമായതിനാൽ തന്നെ ഇത് അങ്ങേയറ്റം പരിസ്ഥിതി സൗഹാർദമാണെന്നതാണ് കാരണങ്ങളിൽ ഒന്ന്. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയവയുടെ പുറംതള്ളലുകൾ ഗണ്യമായി കുറയ്ക്കുന്നു. കരിമ്പ് ഉൾപ്പെടെയുള്ളവയിൽനിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ തന്നെ കാർബൺ എമിഷനും കുറവാണ്.

രണ്ടാമതായി സാമ്പത്തിക ലാഭമാണ്. ഇന്ത്യയിൽ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ സിംഹഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. എഥനോൾ വ്യാപകമാക്കിയാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാമെന്നാണ് സർക്കാർ പറയുന്നത്. ഇ20-യുടെ വരവോടെ തന്നെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭം നേടാൻ കഴിഞ്ഞെന്നുമാണ് സർക്കാരിന്റെ അവകാശവാദം.

കർഷകർക്ക് ഉയർന്ന നേട്ടമുണ്ടാകുമെന്നതാണ് E100 ഇന്ധനത്തിലൂടെ ഉറപ്പാക്കുന്ന മറ്റൊരു ഗുണം. കരിമ്പ്, ചോളം, കേടുവന്ന ഭക്ഷ്യധാന്യങ്ങൾ എന്നിവയിൽനിന്നാണ് എഥനോൾ നിർമിക്കുന്നത്. ഇതുവഴി ഇത്തരം വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് അവരുടെ വിളകൾക്ക് ഉറപ്പായുള്ള വിപണിയും മികച്ച വിലയും ലഭിക്കും. ഇതിനൊപ്പം, എഥനോൾ നിർമാണ പ്ലാന്റുകൾ വരുന്നതിലൂടെ ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

Content Highlights: E20 fuel does not invalidate vehicle insurance or warranty claims., No widespread engine failure reported since the introduction of E20., Global standards from US, Brazil, and Japan are being followed., Ethanol blending helps save 1.4 lakh crore in foreign exchange., Strict quality control measures are in place for ethanol mixing.