E20 പെട്രോളിന് ഫുൾ സപ്പോർട്ട്, പക്ഷേ ക്ലോറൈഡിലും ഈർപ്പത്തിലും ആശങ്ക പങ്കുവെച്ച് വാഹന കമ്പനികൾ

#Auto Desk
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

ന്യൂഡൽഹി: എഥനോൾ 20 ശതമാനം ചേർത്ത ഇ-20 പെട്രോളിലെ മലിനീകരണത്തെക്കുറിച്ച് രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, മഹീന്ദ്ര എന്നിവർ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പൊതുവേദികളിൽ ഇ-20 പെട്രോളിന്റെ ഉപയോഗത്തെ പിന്തുണയ്ക്കുമ്പോഴും ഇന്ധനത്തിലെ ക്ലോറൈഡ്, ഈർപ്പം എന്നിവയുടെ ഉയർന്ന അളവ് വാഹനങ്ങൾക്ക് തകരാറുണ്ടാക്കുമെന്ന് കമ്പനി എക്‌സിക്യുട്ടീവുകൾ തമ്മിൽ അയച്ച ഇ-മെയിലുകളിൽ വ്യക്തമാക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചപ്പോൾ പലയിടത്തും ക്ലോറൈഡിന്റെയും ഈർപ്പത്തിന്റെയും അളവ് കൂടുതലാണെന്ന് കണ്ടെത്തിയതായി ഇ-മെയിലുകളിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.

ക്ലോറൈഡിന്റെ അളവ് കൂടുന്നത് വാഹനങ്ങളുടെ അനുബന്ധ ഭാഗങ്ങളിൽ തുരുമ്പെടുക്കുന്നതിനും ഈർപ്പം കൂടുന്നത് വാഹനം പെട്ടെന്ന് കേടായി വഴിയിൽ നിലയ്ക്കുന്നതിനും കാരണമാകുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ്.ഐ.എ.എം.) ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ധന മലിനീകരണം ചൂണ്ടിക്കാട്ടി എസ്.ഐ.എം. നൽകിയ കത്ത് പിന്നീട് അവർ പിൻവലിച്ചിട്ടുണ്ട്. ഇത് ആന്തരിക പരിശോധനകൾക്കുമാത്രമുള്ള വിവരങ്ങൾ ആയിരുന്നുവെന്നും സാംപിളുകളുടെ എണ്ണം കൃത്യമായ നിഗമനത്തിലെത്താൻ പര്യാപ്തമല്ലെന്നുമാണ് നൽകിയ വിശദീകരണം. കൂടുതൽ ശാസ്ത്രീയമായ പഠനം നടത്തുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഇന്ധനത്തിൽ വലിയ തോതിൽ ക്ലോറൈഡും ഈർപ്പവും അടങ്ങിയിട്ടുണ്ടെന്ന വാദങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. എണ്ണ വിതരണക്കമ്പനികൾ നടത്തിയ പരിശോധനകളിൽ ഇത്തരത്തിലുള്ള തകരാറുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ഏതാനും ചില സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.

എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി 2025-ലാണ് കേന്ദ്രസർക്കാർ ഇ-20 പെട്രോൾ രാജ്യവ്യാപകമായി അവതരിപ്പിച്ചത്. 2026 ഏപ്രിൽ ഒന്നുമുതൽ ഇന്ധന പമ്പുകളിൽ ഇ-20 പെട്രോൾ മാത്രമാണ് ലഭ്യമാകുന്നത്.

Content Highlights: Leading carmakers expressed concern over high chloride and moisture in E20 petrol., Internal emails leaked by Reuters reveal fears of engine rust and vehicle breakdowns., SIAM withdrew its letter highlighting fuel contamination, citing limited sample size., Petroleum Ministry denied claims of widespread chloride and moisture issues., E20 petrol is mandated across fuel pumps starting April 1, 2026.