പറക്കാനൊരുങ്ങി എയർടാക്‌സി, ഡ്രൈവറില്ലാ കാർ നിരത്തിലേക്ക്; ദുബായിക്ക് ഹൈടെക് ഗതാഗതത്തിന്റെ 2026

ദുബായ്: ഈ വർഷം അവസാനത്തോടെ ദുബായിൽ എയർ ടാക്‌സികളും ഈ വർഷം തുടക്കത്തിൽ ഡ്രൈവറില്ലാ ടാക്‌സികളും സേവനം തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായർ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പറഞ്ഞു.
സ്വപ്നങ്ങളിൽനിന്നു യാഥാർഥ്യത്തിലേക്ക് ദുബായ് അതിവേഗം കുതിക്കുകയാണ്. വർഷങ്ങൾക്ക് മുൻപാണ് എയർടാക്‌സികൾ എന്ന സ്വപ്നത്തിലേക്ക് ദുബായ് യാത്ര തുടങ്ങിയത്. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമാകുന്നതെന്നും അൽ തായർ വ്യക്തമാക്കി. ഭാവി പദ്ധതികൾ ഗൗരവത്തോടെയാണ് ദുബായ് കൈകാര്യം ചെയ്യുന്നത്. ഞങ്ങൾ പറയുന്നത് മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അൽ തായർ വിശദീകരിച്ചു.
വാണിജ്യ എയർടാക്സികൾക്കായുള്ള സ്‌കൈപോർട്ടുകൾ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉടൻ പ്രവർത്തനക്ഷമമാകും. ലോക ഗവൺമെന്റ് ഉച്ചകോടി പോലുള്ള ആഗോള വിദഗ്ധർ പങ്കെടുക്കുന്ന പരിപാടികളിലൂടെ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകളും നടത്തിയിരുന്നു. തിരക്ക് കുറക്കാനും യാത്രാസമയം കുറക്കാനും നഗരത്തിലുടനീളം പുതിയൊരു പ്രീമിയം ഗതാഗത ഓപ്ഷനായിരിക്കും എയർടാക്‌സി.
ഈ വർഷം ആദ്യപാദത്തിലായിരിക്കും ഡ്രൈവറില്ലാ ടാക്‌സികൾ ഓടിത്തുടങ്ങുക. വെറും 10 മാസങ്ങൾക്കുള്ളിലാണ് ഡ്രൈവറില്ലാ ടാക്‌സികൾ എന്ന പദ്ധതി ആസൂത്രണത്തിൽനിന്ന് നിർവഹണത്തിലേക്ക് മാറിയത്. ഒരു സമർപ്പിത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ചൈനയിലെ ബൈഡു ഉൾപ്പെടെയുള്ള സ്വയംനിയന്ത്രിത വാഹന കമ്പനികളുമായി സഹകരിച്ചാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ ദുബായിൽ പരീക്ഷണയോട്ടം നടത്തിയത്. സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപത്തിനും ജീവിത നിലവാരത്തിനും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമാണ്. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങൾ. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിക്ഷേപം ആകർഷിക്കാനോ കമ്പനികൾ കെട്ടിപ്പടുക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Dubai is set to launch air taxis by year-end and driverless taxis early this year, promising a futuristic, efficient transport system. Explore Dubai`s rapid advancements.